സമയബന്ധിതമായി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഠിനശ്രമമാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നതെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി നിയോജകമണ്ഡലത്തിലെ റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം കീരിത്തോട് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശിയപാത ആറുവരിയാക്കും. ദേശിയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഭൂമിയുടെ 25 ശതമാനം ഏറ്റെടുത്ത് 5300 കോടി രൂപ ചെലവഴിച്ച് മുന്നോട്ട് പോകുകയാണ്. ഇന്ത്യയില്‍ മറ്റൊരു സര്‍ക്കാരും ദേശിയപാത വികസനത്തിന് ഇത്തരം ഭൂമിയേറ്റെടുക്കല്‍ നടത്തിയിട്ടില്ല. പ്രവൃത്തിയുടെ പുരോഗതി പരിശോധിക്കാന്‍ മന്ത്രി തലത്തില്‍ തന്നെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പോലെയുളള്ള മറ്റ് തടസ്സങ്ങളുണ്ടായില്ലെങ്കില്‍ കാസര്‍ഗോഡ്-തിരവനന്തപുരം ആറുവരി ദേശിയപാത വികസനം 2025 ഓടെ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇടുക്കി മണ്ഡലത്തിലെ റോഡുകള്‍ പൂര്‍ത്തിയാകുന്നതോടെ കാര്‍ഷിക-ടൂറിസം മേഖലയുടെ വികസനത്തിന് വഴിതെളിക്കുമെന്നും മന്ത്രി പറഞ്ഞു.

വിരല്‍തുമ്പില്‍ പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തകളറിയുന്ന തൊട്ടറിയാം പദ്ധതി, റോഡിന്റെയും കരാറുകാരന്റെയും എഞ്ചിനീയറുടെയും ഫോണ്‍നമ്പറടക്കം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ബോര്‍ഡുകള്‍ വച്ചതും വകുപ്പിനെ ജനകീയമാക്കി. എല്ലാ പ്രവൃത്തികളും സുതാര്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരാണെന്ന ബോധ്യത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്തുകോടി രൂപ വകയിരുത്തി നിര്‍മ്മിക്കുന്ന കീരിത്തോട് – ആറാംകുപ്പ് -ഏഴാംകുപ്പ്- പെരിയാര്‍വാലി റോഡ്, 5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പാറത്തോട് -ഇരുമലക്കപ്പ് -ചിന്നാര്‍നിരപ്പ്- ചെമ്പകപ്പാറ റോഡ് , 2.30 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന തൊടുപുഴ-പുളിയന്‍മല (കി.മി 39/200 മുതല്‍ 41/500 വരെ) എന്നീ മൂന്ന് റോഡുകളുടെ നിര്‍മ്മാണോദ്ഘാടനമാണ് കീരിത്താട് ജംഗ്ഷനില്‍ പൊതുമരാമത്ത് മന്ത്രി നിര്‍വഹിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നൂറ് ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്. ഇതിന്റെ ഭാഗമായാണ് ഇടുക്കി നിയോജക മണ്ഡലത്തിലെ റോഡുകളുടെ നിര്‍മ്മാണോത്ഘാടനവും നടത്തിയത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓണ്‍വലൈനില്‍ അധ്യക്ഷത വഹിച്ചു. നിര്‍മ്മാണം നടക്കുന്ന റോഡുകള്‍ ഇടുക്കിയുടെ ഗ്രാമീണ മേഖലയുടെ പുരോഗതിക്ക് വഴി തെളിക്കുന്നതാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഇടുക്കിയുടെ വികസനത്തിന് നടപ്പാക്കുന്ന പദ്ധതികളില്‍ പൊതുമരാമത്ത് മന്ത്രിയും വകുപ്പും അഭിനന്ദനമർഹിക്കുന്നതായും മന്ത്രി റേഷി അഗസ്റ്റിന്‍ അഭിപ്രായപ്പെട്ടു.

കീരിത്തോട് ജംഗ്ഷനില്‍ സംഘടിപ്പിച്ച യോഗത്തില്‍ എംഎം മണി എംഎല്‍എ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ രാജി ചന്ദ്രന്‍, ജില്ലാ വികസന സമിതി ഉപാദ്ധ്യക്ഷന്‍ സി.വി വര്‍ഗ്ഗീസ്, ത്രിതലപഞ്ചായത്തംഗങ്ങളായ മാത്യു തായങ്കിരി, റ്റിന്‍സി തോമസ്, ഐസന്‍ജിത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റിയന്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പി.ബി സബീഷ്, എം.കെ പ്രീയന്‍, ഷാജി കാഞ്ഞമല, അനില്‍ കൂവപ്ലാക്കല്‍ തുടങ്ങി നിരവധി ജനപ്രതിനിതികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് മധ്യമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ കെ.റ്റി ബിന്ദു സ്വാഗതവും, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഷാമോന്‍ കെ.കെ നന്ദിയും പറഞ്ഞു. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സി.കെ പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.