* ഭിന്നശേഷി കുട്ടികള്ക്ക് സൗജന്യ കുടിവെള്ള കണക്ഷൻ

ഭിന്നശേഷിക്കാരായ കുട്ടികളുള്ള വീടുകള്ക്ക് സൗജന്യ കുടിവെള്ള കണക്ഷന് നല്കുന്ന പദ്ധതിയാണ് ‘സ്നേഹ തീര്ത്ഥം’. ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കള് കുടിവെള്ളത്തിനായി കുട്ടികളെ ഒറ്റയ്ക്ക് വീട്ടിലിരുത്തി പുറത്തുപോകേണ്ട അവസ്ഥ ഉണ്ടായിരുന്നു. ഇത് സര്ക്കാരിന്റെ ശ്രദ്ധയില്പ്പെട്ടപ്പോഴാണ് ഭിന്നശേഷി കുട്ടികളുടെ വീടുകളില് കുടിവെള്ള കണക്ഷന് നേരിട്ടെത്തിക്കാന് ജലവിഭവ വകുപ്പ് തീരുമാനിച്ചത്.
തിരുവനന്തപുരം വഞ്ചിയൂര് സ്‌പെഷ്യല് സ്‌കൂള് വിദ്യാര്ത്ഥിയുടെ കുടുംബത്തിന് കുടിവെള്ള കണക്ഷന് നല്കി 2021 സെപ്റ്റംബറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിപ്രകാരം തുടക്കത്തിൽ ആയിരം ഭിന്നശേഷി കുട്ടികള്ക്ക് പ്രയോജനം ലഭിക്കും. 5000 മുതല് 10,000 രൂപ വരെയാണ് ഒരു കുടിവെളള കണക്ഷന് വേണ്ടി ചെലവാകുന്നത്.
ഭിന്നശേഷി കുട്ടികള്ക്കുള്ള കണക്ഷനുകള്ക്ക് വാട്ടര് ചാര്ജ്ജ് ഈടാക്കുന്നില്ല. പദ്ധതിയുടെ യഥാര്ത്ഥ ഗുണഭോക്താക്കള് അടുത്തുള്ള ജലസേചന വകുപ്പ് ഓഫീസില് അപേക്ഷ നല്കിയാലുടന് കണക്ഷന് ലഭിക്കും. ജലവിഭവ വകുപ്പ് എഞ്ചിനിയേഴ്‌സ് ഫെഡറേഷന് ഓഫ് കേരളാ വാട്ടര് അതോറിറ്റിയുടെയും റോട്ടറി ഇന്റര്നാഷണലിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയ്ക്ക് വലിയ തുക നല്കേണ്ടിവരുന്ന സാഹചര്യത്തില് ഈ പദ്ധതി വലിയ ആശ്വാസമാണ്. തിരുവനന്തപുരം, എറണാകുളം, കണ്ണൂര്, കോഴിക്കോട് എന്നിവിടങ്ങളിലെ ഭിന്നശേഷി കുട്ടികളാണ് നിലവില് പദ്ധതിയില് അപേക്ഷിച്ചിട്ടുള്ളത്. ഇവര്ക്ക് കുടിവെളള കണക്ഷനുകള് നല്കി കഴിഞ്ഞു.
മറ്റു ജില്ലകളിലും യഥാര്ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തി കുടിവെള്ള കണക്ഷന് നല്കാൻ നടപടികള് വളരെ വേഗം പൂര്ത്തിയാക്കാനാണ് സ്‌നേഹതീര്ത്ഥം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില് കുടിവെള്ള കണക്ഷനുള്ള ഭിന്നശേഷിക്കാരായ കുട്ടികളുള്ള നിര്ധന കുടുംബങ്ങൾക്ക് വാട്ടര് ചാര്ജ് അടയ്ക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടിക്രമങ്ങള് സ്വീകരിച്ചു വരികയാണ്.