മാനന്തവാടി: കുഴിനിലം വൃദ്ധസദനത്തില്‍ ഒറ്റപ്പെട്ടു പോയ മുപ്പത് അന്തേവാസികളെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. വ്യാഴാഴ്ച്ച രാവിലെ പേരിയയില്‍ നിന്ന് കൊട്ട തോണി കൊണ്ടു വന്നാണ് തവിഞ്ഞാല്‍ പള്ളി വികാരി ഫാ. ആന്റോ മമ്പള്ളിയുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ കൊണ്ട് ഇവരെ രക്ഷപ്പെടുത്തിയത്. തവിഞ്ഞാല്‍ സെന്റ് തോമസ് യു.പി. സ്‌കൂളില്‍ ഇവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പ് തുറന്നു. വയനാട്ടില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതമാണുണ്ടായിട്ടുള്ളത്. സാധിക്കുന്ന എല്ലാവരും രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തിറങ്ങണമെന്ന് ജില്ലാ ഭരണകൂടം അഭ്യര്‍ത്ഥിച്ചു. കുറ്റ്യാടി ചുരത്തില്‍ ഗതാഗതം പുനസ്ഥാപിച്ചെങ്കിലും മക്കിയാട് ചീപ്പാട് റോഡില്‍ വെള്ളം കയറിയതിനാല്‍ ചെറിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയിഞ്ഞില്ല.