കൊച്ചി: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഒരുക്കുന്ന ഓണം-ബക്രീദ് എറണാകുളം ജില്ല ഫെയര്‍ 2018 ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്തു.
കാലവര്‍ഷക്കെടുതികള്‍ക്കിടയിലാണ് ഈ വര്‍ഷത്തെ ഓണം. കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ഓര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു. ഈ വര്‍ഷം വെറുമൊരു മേള സംഘടിപ്പിക്കുന്നതിനു പകരം വ്യവസായം, കുടുംബശ്രീ, മില്‍മ, തുടങ്ങി വിവിധ വകുപ്പുകളുമായി യോജിച്ചാണ് നടത്തുന്നത്. ഒരു സാധാരണക്കാരന് ഓണവുമായി ബന്ധപ്പെട്ട് ലഭ്യമാകേണ്ട എല്ലാ സാധനങ്ങളും ഉണ്ടായിരിക്കേണ്ട മേള ആകണമെന്നായിരുന്നു ഉദ്ദേശ്യം. ഓണം, ബക്രീദ് എന്നിവയുമായി ബന്ധപ്പെട്ട പായസക്കൂട്ട്, ബിരിയാണി അരി എന്നിവയും സബ്‌സിഡിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത്തവണ വില്‍ക്കുന്നത്. നിരവധി ബാധ്യതകള്‍ ഏറ്റെടുത്തുകൊണ്ടാണ് ജനങ്ങള്‍ക്ക് ആശ്വാസകരമായ രീതിയില്‍ സപ്ലൈകോ പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം മേഖലയ്ക്ക് കീഴില്‍ ഈ വര്‍ഷം രണ്ട് ജില്ലാ ഫെയറുകളും 13 താലൂക്ക് ഫെയറുകളും 9 ഓണം മാര്‍ക്കറ്റുകളും 2 സ്‌പെഷ്യല്‍ മിനി ഫെയറുകളുമാണ് സംഘടിപ്പിക്കുന്നത്. കൂടാതെ ഈ മേഖലയില്‍ നിലവിലുള്ള 249 സപ്ലൈകോ ഔട്ട്‌ലെറ്റുകളും ഓണച്ചന്തകള്‍ ആയി പ്രവര്‍ത്തിക്കും. ഈ മേളയിലൂടെ സബ്‌സിഡി സാധനങ്ങള്‍ക്ക് 60 ശതമാനം വരെയും നോണ്‍ മാവേലി സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ മുപ്പത് ശതമാനം വരെയും ശബരി സാധനങ്ങള്‍ക്ക് 20 ശതമാനം വരെയും വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സപ്ലൈകോ ഈ വര്‍ഷം മുതല്‍ പൊതുസ്വകാര്യ മേഖലാ സ്ഥാപനങ്ങളെ ഉദ്ദേശിച്ച് 1000, 2000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍ പ്രത്യേകമായി തയ്യാറാക്കിയിട്ടുണ്ട്. ഈ ഗിഫ്റ്റ് വൗച്ചറുകള്‍ ഉപയോഗിച്ച് സെപ്റ്റംബര്‍ 30 വരെ സപ്ലൈകോയുടെ ഏത് ഔട്ട്‌ലെറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങാവുന്നതാണ്.

മില്‍മ, കാര്‍ഷിക വകുപ്പ്, ഫോം മാറ്റിംഗ്‌സ് ഇന്ത്യ ലിമിറ്റഡ്, തീരമൈത്രി ഭക്ഷണശാല, കേരള സ്‌റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് തുടങ്ങിയ വകുപ്പുകളുടെ സ്റ്റാളുകളും മേളയിലുണ്ട്. ഉപഭോക്താക്കള്‍ക്കായി സമ്മാന പദ്ധതികളുമുണ്ട്. സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ സപ്‌ളൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വാങ്ങാത്തവര്‍ക്ക് മേളയില്‍ നിന്നും വാങ്ങാവുന്നതാണ്. 15 ദിവസം നീണ്ടു നില്‍ക്കുന്ന മറൈന്‍ ഡ്രൈവിലെ ജില്ലാഫെയര്‍ ആഗസ്റ്റ് 24-ന് അവസാനിക്കും. രാവിലെ 9 മുതല്‍ രാത്രി 8 വരെയാണ് മേള.

സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എം.എസ് ജയ, എംഎല്‍എമാരായ ഹൈബി ഈഡന്‍, പി.ടി തോമസ്, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ സൗമിനി ജെയിന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ഗ്രേസി ബാബു ജേക്കബ്, ആല്‍ബര്‍ട്ട് അമ്പലത്തിങ്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.