കല്‍പ്പറ്റ: രണ്ടുദിവസം തിമിര്‍ത്തു പെയ്ത മഴയില്‍ ജില്ല ഇതുവരെ അനുഭവിക്കാത്ത ദുരിതക്കയത്തെയാണ് അതിജീവിക്കുന്നത്. നൂറുകണക്കിന് വീടുകള്‍ വെള്ളത്തിലായി. വൈത്തിരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ 127 ദുരിതാശ്വാസ ക്യാമ്പുകളിലായി 1964 കുടുംബങ്ങളില്‍ നിന്നും 10,400 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ 36.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു. മണ്‍സൂണില്‍ ഇതുവരെ 2669.27 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് കണക്ക്. 18 വീടുകള്‍ പൂര്‍ണമായും 530 വീടുകള്‍ ഭാഗികമായും നശിച്ചു. പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ റിസര്‍വോയറിലെ ജലനിരപ്പ് 775.6 എംഎസ്എല്‍ ആണ്. കാരാപ്പുഴയില്‍ 758.2 എംഎസ്എല്‍ രേഖപ്പെടുത്തി. ദുരിതബാധിത പ്രദേശങ്ങളില്‍ ഊര്‍ജിത രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ജില്ലയിലെ പൊലിസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം സൈന്യവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു. കളക്ടറേറ്റിലും മൂന്നു താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമായി വരുന്നവര്‍ 9747707079, 9746239313, 9745166864 എന്നി നമ്പറുകളില്‍ ബന്ധപ്പെടണം. ദേശീയ ദുരന്ത നിവാരണ സേന, ആര്‍മി ഡിഫന്‍സ് സെക്യൂരിറ്റി ഫോഴ്‌സ്, നാവികസേന എന്നിവരുടെ 150 സൈനികര്‍ അടങ്ങിയ സംഘം ഹെലികോപ്റ്റര്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി ജില്ലയിലുണ്ട്. കൂടാതെ ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യു സംഘവും പൊലിസും സമയോചിത ഇടപ്പെടല്‍ നടത്തുന്നുണ്ട്. മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പേരും പങ്കാളികളാവണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.