വിദ്യാർഥികൾക്കും കാൽനട യാത്രികർക്കും അനുഗ്രഹമായി കോട്ടൺ ഹിൽ സ്‌കൂളിനു മുന്നിൽ നിർമിച്ച കാൽനട മേൽപ്പാലം നാടിനു സമർപ്പിച്ചു. സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടന കർമം നിർവഹിച്ചു.
തിരുവനന്തപുരം നഗരസഭയും സൺ ഇൻഫ്രാസ്ട്രക്ചർ കമ്പനിയും സംയുക്തമായാണു കാൽനട മേൽപ്പാലം നിർമിച്ചത്. തിരക്കേറിയ റോഡിൽ വിദ്യാർഥികൾക്കും യാത്രികർക്കും സുരക്ഷിതമായി റോഡ് മുറിച്ചു കടക്കുന്നതിന് ഉപകാരപ്രദമാണിത്. ഇതേ മാതൃകയിൽ പട്ടത്തും മേൽപ്പാലം നിർമിക്കുന്ന കാര്യം നഗരസഭ ആലോചിക്കുന്നുണ്ട്.
മേൽപ്പാലം ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതു സമ്മേളനം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ അഡ്വ. രാഖി രവികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വഞ്ചിയൂർ ബാബു, ഗീതാ ഗോപാൽ, സഫീറ ബീഗം, ഉണ്ണിക്കൃഷ്ണൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ഡി.പി.ഐ. കെ.വി. മോഹൻ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.