നെയ്യാറ്റിൻകര ഗവൺമെന്റ് ഗേൾസ് ഹയർ സെക്കഡറി സ്‌കൂളിലെ നിലം പതിക്കാറായ പഴയ കെട്ടിടത്തിനു പുതുജീവൻ. സ്ട്രക്ചറൽ റിഹാബിലിറ്റേഷൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി പഴയ കെട്ടിടം പുതുക്കിപ്പണിതു. പുതുക്കിയ കെട്ടിടത്തിന്റെയും മോഡൽ ക്ലാസ് മുറിയുടെയും ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ. നിർവഹിച്ചു.
നിലംപതിക്കാറായ കെട്ടിടം പുതുക്കിപ്പണിയാൻ രണ്ടു കോടിയോളം രൂപയാണു ചെലവു കണക്കാക്കിയിരുന്നത്. എന്നാൽ 20 ലക്ഷം രൂപയ്ക്കു സ്ട്രക്ചറൽ റിഹാബിലിറ്റേഷനിലൂടെ പുതുക്കിപ്പണിയാൻ കഴിഞ്ഞു. സിമെന്റും കമ്പിയും ജനാലകളും വാതിലുകളും ഉൾപ്പെടെ പഴയ കെട്ടിടത്തിന്റെ എല്ലാ ഭാഗവും പുനരുപയോഗിക്കാൻ സാധിക്കുമെന്നതാണ് സ്ട്രക്ചറൽ റിഹാബിലിറ്റേഷന്റെ നേട്ടം. പൂവാർ ഗവൺമെൻറ് സ്‌കൂൾ കെട്ടിടവും ഇത്തരത്തിൽ പുനർ നിർമ്മിച്ചിരുന്നു. നെയ്യാറ്റിൻകര നഗരസഭയുടേയും ജില്ലാ പഞ്ചായത്തിലെ മുൻ ചീഫ് എൻജിനീയർ അൻവർ ഹുസൈന്റെയും നേതൃത്വത്തിലാണു നവീകരണ ജോലികൾ പൂർത്തിയാക്കിയത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മാതൃകാ ക്ലാസ് മുറിയും മുറിയും സ്‌കൂളിൽ ആരംഭിച്ചു. കേരള ആർട്ടിസാൻസ് ഡവലപ്‌മെന്റ് കോർപറേഷനാണു മോഡൽ ക്ലാസ് മുറി നിർമ്മിച്ചത്. ബാഗ് റാക്ക്, സമ്മാനങ്ങൾ പ്രദർശിപ്പിക്കാൻ ഡിസ്‌പ്ലേ റാക്ക്, ഡസ്റ്റ് ബിൻ, കുട സ്റ്റാൻഡ്, ഫാനുകൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്‌സൺ ഡബ്ല്യു.ആർ. ഹീബ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ വൈസ് ചെയർമാൻ കെ.കെ. ഷിബു, വിദ്യാഭ്യാസ, കലാ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എം . അലിഫാത്തിമ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എൻ.കെ. അനിതകുമാരി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി.എസ്. സുനിൽകുമാർ, ഹെഡ്മിസ്ട്രസ് പി.ടി. ശശികല തുടങ്ങിയവർ പ്രസംഗിച്ചു.