സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നാളെ (11/08/2018) നടക്കുന്ന കർക്കിടകവാവുബലി തർപ്പണത്തിന് വിവിധ കേന്ദ്രങ്ങളിലെത്തുന്നവർ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ നദീതീരങ്ങളിലും കടൽത്തീരങ്ങളിലുമുള്ള പല ബലിതർപ്പണക്കടവുകളിലും ജലം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണുള്ളത്. ഇത്തരം കേന്ദ്രങ്ങളിൽ ബലിതർപ്പണ ത്തിനെത്തുന്നവർ പോലീസിന്റേയും മറ്റ് അധികൃതരുടേയും സുരക്ഷാ നിർദ്ദേശങ്ങളുമായി പൂർണമായി സഹകരിക്കണം. കുട്ടികൾ, പ്രായമായവർ എന്നിവരുടെ സുരക്ഷയ്ക്ക് അധിക മുൻകരുതലുകൾ കൈക്കൊള്ളണം.
ബലിതർപ്പണം നടക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ പോലീസിനെ വിന്യസിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. എങ്കിലും കാലാവസ്ഥയിലും മറ്റും അപ്രതീക്ഷിതമായി മാറ്റങ്ങളുണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ജാഗ്രത പുലർത്താനും നിർദേശം നല്കിയിട്ടുണ്ട്. ഈ നടപടികളിൽ പൊതുജനങ്ങളുടെ പൂർണ സഹകരണമുണ്ടാകണമെന്നും സംസ്ഥാന പോലീസ് മേധാവി അഭ്യർത്ഥിച്ചു.