സംസ്ഥാനത്തെ ഫിഷറീസ്, കശുവണ്ടി വ്യവസായ മേഖലകളുടെ സുസ്ഥിര വികസനത്തിനുള്ള പദ്ധതികളിലെ പങ്കാളിത്ത സാധ്യതകള്‍ പരിശോധിക്കുന്നതിന് യു.എന്‍. ഏജന്‍സികളുടെ പ്രതിനിധികള്‍ കേരളത്തിലെത്തി. യുണിഡോ ഇന്ത്യ മേധാവി റെനെ വാന്‍ ബെര്‍ക്കല്‍, യു.എന്‍. വിമെന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സുഹേല ഖാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ ക്ഷണപ്രകാരം സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്.
  യുഎന്‍ സഹകരണത്തിനായി സമര്‍പ്പിച്ച വികസന പദ്ധതിയുടെ രൂപരേഖയെ അടിസ്ഥാനമാക്കി കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ പ്രതിനിധി സംഘം മന്ത്രിയുമായി ചര്‍ച്ച നടത്തി.
തോട്ടണ്ടി ഇറക്കുമതി, കശുമാവ് കൃഷി സാങ്കേതികവിദ്യാ കൈമാറ്റം, കശുവണ്ടി പരിപ്പിന് രാജ്യാന്തര വിപണി ലഭ്യത ഉറപ്പുവരുത്തല്‍, കശുവണ്ടി ഫാക്ടറികളുടെ പുനരുദ്ധാരണം, മത്സ്യ മാര്‍ക്കറ്റുകളുടെ ആധുനീകരണം, മൂല്യ വര്‍ധിത ഉത്പന്നങ്ങളുടെ വിപണനം, മത്സ്യ മേഖലയില്‍ വനിതാ സ്വയം സഹായ സംഘങ്ങളുടെ രൂപീകരണം ഇരുമേഖലകളിലെയും സ്ത്രീകളുടെ ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി.
നേരത്തെ യു.എന്‍. ആസ്ഥാനത്തും ഡല്‍ഹിയിലും മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എന്‍. പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായിരുന്നു കൊല്ലത്തെ യോഗം.
  പങ്കാളിത്ത പദ്ധതിയുടെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് വ്യക്തമാക്കിയ റെനെ വാന്‍ ബെര്‍ക്കല്‍ സംസ്ഥാന സര്‍ക്കാരില്‍നിന്നും വിശദമായ പദ്ധതി നിര്‍ദേശം ലഭിച്ചശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചു.
ഫിഷറീസ്, കശുവണ്ടി മേഖലകളില്‍ തൊഴിലാളികള്‍ക്ക് തൊഴിലും വരുമാനവും ഉറപ്പാക്കുന്ന വിധത്തിലുള്ള സമഗ്രമായ പദ്ധതി നിര്‍ദേശം ഉടന്‍ യു.എന്നിന് സമര്‍പ്പിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
എം. നൗഷാദ് എം.എല്‍.എ, ആസൂത്രണബോര്‍ഡ് അംഗം ഡോ. മൃദുല്‍ ഈപ്പന്‍, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, ഫിഷറീസ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. ശ്രീധരന്‍ നമ്പൂതിരി, സ്‌പെഷ്യല്‍ സെക്രട്ടറി കെ. അനില്‍കുമാര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി റോയ് ടോംലാല്‍,  മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ലോറന്‍സ് ഹരോള്‍ഡ്, കശുമാവ് വികസന ഏജന്‍സി സ്‌പെഷ്യല്‍ ഓഫീസര്‍ കെ. ശിരീഷ്, കാഷ്യു ബോര്‍ഡ് കണ്‍സള്‍ട്ടന്റ് ഗിരീഷ്, അഡാക് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബേബി ഷീജ, ഫിഷറീസ്, പരമ്പരാഗത വ്യവസായ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.