കല്‍പ്പറ്റ: കനത്ത മഴയില്‍ വൈത്തിരി അമ്മാറയില്‍ ഉരുള്‍പൊട്ടി വീടിന്റെ രണ്ടുനിലകളിലും വെള്ളം കയറിയതിനെ തുടര്‍ന്ന് ടെറസ്സില്‍ അഭയംതേടിയ കുടുംബത്തിന് രക്ഷകരായത് ഫയര്‍ഫോഴ്സ്. അമ്മാറ മുര്‍ഷിദിന്റെ ഭാര്യ സജിന(27) പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നു. സജിനയെ വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു ഫയര്‍ഫോഴ്സ് ബോട്ടില്‍ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. രാത്രിയോടെ സജിന കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. സജിനയുടെ പിതാവ് ഉമ്മര്‍, മാതാവ് റംല, സഹോദരന്‍ അന്‍വര്‍, സഹോദരി റിഹാനത്ത് ഇവരുടെ എല്‍.കെ.ജിയില്‍ പഠിക്കുന്ന മൂന്ന് മക്കളും ഒരു മൂന്നാംക്ലാസ്സുകാരനെയും ഉള്‍പ്പെടെയാണ് ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തിയത്. ലീഡിംഗ് ഫയര്‍മാന്‍ പി.പി.വിനോദ്, ഫയര്‍മാന്‍മാരായ എം.വി.ഷാജി, കെ.എസ്.ശ്രീജിത്ത്, പി.ആര്‍.മിഥുന്‍, സി.ജയന്‍, ഹോംഗാര്‍ഡ് കെ.വിജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അമ്മാറയിലെ രക്ഷാപ്രവര്‍ത്തനം.സജിനയെകുറിച്ച് അറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനത്തില്‍ ആദ്യപരിഗണന അവരുടെ കുടുംബത്തിനുതന്നെ നല്‍കുകയായിരുന്നു.വീട്ടുകാര്‍ ഫയര്‍ഫയര്‍ഫോഴ്സിനെ നന്ദി അറിയിക്കുകയും ചെയ്തു.