കൊച്ചി: വെളളപ്പൊക്ക ബാധിത മേഖലയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ സേനകളെ വിന്യസിച്ചു. കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ ആലുവ താലൂക്കില്‍ ചേര്‍ന്ന യോഗത്തിലാണ് വിവിധ സേനാ വിഭാഗങ്ങളുടെ ദുരിതബാധിത മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ആലുവ മണപ്പുറം, ചേലാമറ്റം, കീഴ്മാട്, കടമക്കുടി പഞ്ചായത്തിലെ പിഴല തുരുത്ത്, കുട്ടമ്പുഴ പഞ്ചായത്തിലെ തട്ടേക്കാട്, കോതമംഗലം, പറവൂര്‍ താലൂക്കിലെ ചേന്ദമംഗലം, എന്നിവിടങ്ങളിലാണ് സേനകളുടെ സഹായം നല്‍കുന്നത്. ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ നേവി, കോസ്റ്റ് ഗാര്‍ഡ്, എന്‍.ഡി.ആര്‍.എഫ് എന്നിവരുടെ നൂറിലധികം ഉദ്യോഗസ്ഥരാണ് ദുരിതബാധിത മേഖലകളിലുള്ളത്.
ഇന്നത്തെ (ആഗസ്റ്റ് 11) കര്‍ക്കിടക വാവ് ബലിതര്‍പ്പണത്തിനായി ആലുവ മണപ്പുറത്തെത്തുന്നവരുടെ സുരക്ഷയ്ക്കായി ദേശീയ ദുരന്തനിവാരണ സേനയുടെ 37 അംഗ ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരും ഇവിടെ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് ആലുവ സ്‌റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ 60 പേരാണ് മണപ്പുറത്ത് ക്യാമ്പ് ചെയ്യുന്നത്.
കാലടി ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വാവുബലി പരിഗണിച്ച് സുരക്ഷ കര്‍ശനമാക്കി. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പടെ 14 അംഗങ്ങള്‍ ഇവിടെയുണ്ട്. ഒ.ബിഎം, ജെമിനി ബോട്ടുകള്‍, ലൈഫ് ജാക്കറ്റുകള്‍ എന്നിവയും സജ്ജമാണ്.
വെള്ളപ്പൊക്കം മൂലം ഏറെ കഷ്ടതയനുഭവിക്കുന്ന കീഴ്മാട് മേഖലയില്‍ നേവിയുടെ ഒരു ടീമിനെ വിന്യസിച്ചു. 15 അംഗങ്ങളാണുള്ളത്. ഡൈവിംഗ് സൂപ്പര്‍വൈസര്‍ സുരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ മുങ്ങല്‍ വിദഗ്ധരും ഇവിടെയുണ്ട്.
ചുറ്റുപാടും വെള്ളം കയറിയതുമൂലം ഒറ്റപ്പെട്ടു പോയ കടമക്കുടി പഞ്ചായത്തിലെ പിഴലയിലും നേവിയുടെ സഹായം ഉറപ്പാക്കി. ഡൈവര്‍ പി.കുമാറിന്റെ നേതൃത്വത്തില്‍ അഞ്ചുപേരാണ് ഇവിടെയുള്ളത്. കുട്ടമ്പുഴ പഞ്ചായത്തിലെ തട്ടേക്കാട് കോതമംഗലം പ്രദേശങ്ങളില്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സേനയുടെ 35 പേര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ആവശ്യമെങ്കില്‍ ജനങ്ങളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പറവൂര്‍ താലൂക്കിലെ ചേന്ദമംഗലത്ത് ക്യാപ്റ്റന്‍ അമന്‍ താക്കൂറിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് ടീമുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. മൂന്ന് ബോട്ടുകള്‍, റെക്കി ബോട്ടുകള്‍, 180 ലൈഫ് ജാക്കറ്റുകള്‍, മൂന്ന് ആങ്കറുകള്‍, മുപ്പത് ബി.എം. ഒരു ബിഎപി എന്നിവയും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. ഇന്നലെ (ആഗസ്റ്റ് 10) ഉച്ചയോടെ തന്നെ വിവിധ സേനകളുടെ സേവനങ്ങള്‍ ദുരിതബാധിത മേഖലകളില്‍ ലഭ്യമാക്കി.