തയ്യല്‍തൊഴിലാളികള്‍ക്ക് നല്‍കി വകുന്ന ആനുകൂല്യങ്ങള്‍ ഇനി മുതല്‍ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുമെന്ന് എക്‌സൈസും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ബോര്‍ഡിലെ ട്രേഡ് യൂണിയനുകള്‍ക്ക് പേയ്‌മെന്റ് ഗേറ്റ്‌വേ, ബോര്‍ഡില്‍നിന്നുള്ള സേവനങ്ങള്‍ക്ക് എസ്.എം.എസ് സംവിധാനം, ക്യാഷ് അവാര്‍ഡ് ലഭിച്ച കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം, നേത്രപരിശോധനാ ക്യാമ്പ് എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. ബോര്‍ഡിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസ് ചെയ്യാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ഓണത്തിനോടനുബന്ധിച്ച് ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും. അര്‍ഹതയുള്ള എല്ലാവര്‍ക്കും പെന്‍ഷന്‍ വിതരണം ചെയ്യും. അനര്‍ഹരെ ഒഴിവാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കും. കേരളത്തിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ നടപടികളെ മറികടക്കാന്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് കഴിയില്ല. തൊഴിലാളികളുടെ സാമൂഹിക സുരക്ഷ  ഉറപ്പു വരുത്താനുള്ള കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ എല്ലാ വിഭാഗം തൊഴിലാളികളും രംഗത്തിറങ്ങണമെന്നും മന്ത്രി പറഞ്ഞു.
  കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജി. രാജമ്മ അധ്യക്ഷത വഹിച്ചു. വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ ആശംസ നേര്‍ന്നു. ബോര്‍ഡ് അംഗങ്ങള്‍ സന്നിഹിതരായിരുന്നു.