സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനും ഒരുപോലെ അവകാശപ്പെട്ടതാണ് ലിംഗനീതിയെന്ന് അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍  വനിതാ ശിശുവികസനവകുപ്പ് സംഘടിപ്പിച്ച ലിംഗനീതിയും വികസനവും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംഎല്‍എ. ആദ്യം മാറ്റം വരുത്തേണ്ടത് ഭാഷാ പ്രയോഗങ്ങളിലാണെന്നും പുരുഷന്മാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതാണ് നാം നിത്യജീവിത്തില്‍ ഉപയോഗിക്കുന്ന ഭാഷകളെല്ലാം എന്നും അദ്ദേഹം പറഞ്ഞു. അത് ഹിസ്റ്ററി മുതല്‍ തുടങ്ങുന്നു. ഹിസ് സ്റ്റോറിയാണ് ഹിസ്റ്ററി. അതിനെ ഒരിക്കലും ഹെര്‍ സ്റ്റോറി എന്ന് പറയാറില്ല. അതേ പോലെ ഹീറോ പോലെയുള്ള പദപ്രയോഗങ്ങളിലും മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.