ജില്ലയിലെ മൂന്നു പഞ്ചായത്തിലെ മൂന്ന് വാർഡിലേക്ക് നടത്തിയ ഉപ തെരഞ്ഞെടുപ്പിൻ്റെ പോളിങ് പൂർത്തിയായി. നാളെ (18) ന് വോട്ടെണ്ണും. ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 12 ആയ വെള്ളാന്താനത്താണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 81.8% വോട്ട് രേഖപ്പെടുത്തി. വനിതാ സംവരണമായ വാര്‍ഡില്‍ യു.ഡി.ഫിനായി കോണ്‍ഗ്രസില്‍ നിന്നുള്ള മിനി ബെന്നി, എല്‍.ഡി.എഫിനായി സി.പി.ഐയിലെ ജിന്‍സി സാജന്‍, എന്‍.ഡി.എക്കായി ബി.ജെ.പിയില്‍ നിന്നും ഷൈനി സുരേഷുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. കോണ്‍ഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജി വച്ച് വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് വോട്ടെണ്ണുന്നത്.

ഇടമലക്കുടി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാംവാര്‍ഡായ ആണ്ടവന്‍ കുടിയിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 65.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി.159 പേരായിരുന്നു വാര്‍ഡില്‍ വോട്ടര്‍മാരായി ഉണ്ടായിരുന്നത്.57 പുരുഷന്‍മാരും 47 സ്ത്രീകളും ഉള്‍പ്പെടെ 104 പേര്‍ ആകെ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫില്‍ നിന്ന് സിപിഎം പ്രതിനിധിയായ പാര്‍വ്വതി പരമശിവനും യുഡിഎഫില്‍ നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയായ രമ്യയും എന്‍ഡിഎയില്‍ നിന്ന് ബിജെപി പ്രതിനിധിയായ നിമലാവതി കണ്ണനുമാണ് വാര്‍ഡില്‍ മത്സരിച്ചത്.ആണ്ടവന്‍കുടി ഏകാധ്യാപക സ്‌കൂളിലായിരുന്നു പോളിംഗ് ബൂത്ത് ക്രമീകരിച്ചിരുന്നത്.വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന ബി ജെ പി അംഗം കാമാക്ഷിയുടെ മരണത്തെ തുടര്‍ന്നായിരുന്നു വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ദേവികുളം ബ്ലോക്ക് പഞ്ചായത്തോഫീസില്‍ 18ന് രാവിലെ 10ന് വോട്ടെണ്ണല്‍ ആരംഭിക്കും. ഇടമലക്കുടി കൃഷി ഓഫീസര്‍ കെ മുരുകനാണ് റിട്ടേണിംഗ് ഓഫീസര്‍.

അയ്യപ്പൻകോവിൽ പഞ്ചായത്തിലെ നാലാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 75.25% പോളിങ് രേഖപ്പെടുത്തി. 376 പുരുഷന്മാരും 384 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫ്. പ്രതിനിധിയായിരുന്ന മിനിമോൾ നന്ദകുമാർ പ്രസിഡന്റ് പദവിയും മെമ്പർ സ്ഥാനവും രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിന് വഴി തുറന്നത്. ഷൈമോൾ രാജൻ (എൽ.ഡി.എഫ്.), സുനിതാ ബിജു (യു.ഡി.എഫ്.), സി.എച്ച്.ആശാമോൾ (എൻ.ഡി.എ.) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. സെന്റ് മേരീസ് ഹൈസ്ക്കൂൾ മേരികുളമാണ് വോട്ടെണ്ണൽ കേന്ദ്രം.