തിരുവനന്തപുരം: ഡെങ്കിപ്പനി പ്രതിരോധത്തിനായി കൊതുകിന്റെ ഉറവിട നശീകരണം നടത്തി ആഴ്ചയിലൊരിക്കല്‍ വീടുകളിലും കടകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഡി.എം.ഒ ) അറിയിച്ചു. ഡെങ്കിപ്പനി പ്രതിരോധത്തിനായി പുറത്തിറക്കിയിട്ടുള്ള പ്രത്യേക ജാഗ്രതാ നിര്‍ദേശം പൊതുജനങ്ങൾ പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യങ്ങള്‍, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ മുതലായ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്ത് വെള്ളം വീഴാത്ത തരത്തില്‍ സൂക്ഷിക്കുക.

ഫ്രിഡ്ജിന് പുറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം, വാട്ടര്‍ കൂളറുകള്‍, ഫ്ളവര്‍ വേസുകള്‍, വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന
പാത്രം മുതലായവയിലെ വെള്ളം ആഴ്ചയില്‍ ഒരിക്കലെങ്കിലും മാറ്റണം.

വെള്ളം അടച്ച് സൂക്ഷിക്കുക. ജലസംഭരണികള്‍ കൊതുക് കടക്കാത്ത രീതിയില്‍ വലയോ, തുണിയോ ഉപയോഗിച്ച് പൂര്‍ണമായി മൂടി വയ്ക്കുക.

ടെറസ്, സണ്‍ഷേഡ്, റൂഫിന്റെ പാത്തി എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ല എന്ന് സ്ഥാപന മേധാവികളും വീട്ടുടമസ്ഥരും ഉറപ്പുവരുത്തുക. റബ്ബര്‍ വെട്ടാത്ത സമയങ്ങളില്‍ ചിരട്ട കമഴ്ത്തി വെക്കുന്നുണ്ട് എന്ന് തോട്ടമുടമകള്‍ ഉറപ്പുവരുത്തുക.

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കാനും ശരീരം മൂടുന്ന വിധത്തിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനും ശ്രമിക്കുക.

ജനലുകളും വാതിലുകളും കൊതുകു കടക്കാതെ അടയ്ക്കുക. പകല്‍ ഉറങ്ങുമ്പോള്‍ പോലും കൊതുകുവല ഉപയോഗിക്കുക.