തിരുവനന്തപുരം: ജലജീവന്‍ മിഷന്‍ വഴി തിരുവനന്തപുരം ജില്ലയില്‍ ഒരുലക്ഷത്തി ഇരുപത്തി മൂവായിരത്തി അറുന്നൂറ്റി തൊണ്ണൂറ് കണക്ഷനുകള്‍ നല്‍കിയിതായി ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന ഡിസ്ട്രിക് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന്‍ അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. 2024 ല്‍ പദ്ധതി നൂറു ശതമാനവും പൂര്‍ത്തിയാക്കാനാകുമെന്ന് യോഗം വിലയിരുത്തി. അഞ്ച് ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി തൊള്ളായിരത്തി നാല്‍പ്പത്തിനാല് കുടിവെള്ള കണക്ഷനുകളാണ് ജലജീവന്‍ മിഷന്‍ വഴി നല്‍കുന്നത്. അതിനുള്ള ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജില്ലയിലെ ആറ് ലക്ഷത്തി എണ്‍പത്തിയാറായിരത്തി അറുപത്തിയൊമ്പത് കുടുംബങ്ങള്‍ക്കും കുടിവെള്ളം വീടുകളില്‍ ലഭ്യമാകും.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സം നേരിടുന്ന ഘടകങ്ങളെപ്പറ്റി യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ അറിയിച്ച സാങ്കേതിക തടസ്സങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജലജീവന്‍മിഷന്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ ഇപ്ലിമെന്റേഷന്‍ സപ്പോര്‍ട്ട് ഏജന്‍സികളെ(ഐ.എസ്.എ) ഏകോപിപ്പിച്ചുകൊണ്ടു പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. പദ്ധതിക്കായുള്ള സ്ഥലമെടുപ്പ്, റോഡ് കട്ടിംഗ് സംബന്ധിച്ച വിഷയങ്ങള്‍, കുടുംബശ്രീ ഉള്‍പ്പെടെയുള്ള നിര്‍വഹണ ഏജന്‍സികളുടെ പ്രവര്‍ത്തനം എന്നിവയും ചര്‍ച്ച ചെയ്തു.