സംസ്ഥാനത്ത് ആദ്യം

സംസ്ഥാനത്ത് ആദ്യമായി യൂണിസെഫിന്റെ സഹായത്തോടെ സ്വച്ഛ്ഭാരത് മിഷന്റെ ദ്രാവക മാലിന്യ സംസ്കരണ സർവ്വേ തെക്കുംകര ഗ്രാമപഞ്ചായത്തിൽ നടത്തി. ദ്രവ മാലിന്യ സംസ്കരണം ചിട്ടപ്പെടുത്തുന്നതിന് ആവശ്യമുള്ള കാര്യങ്ങൾ ജനങ്ങളുമായി സംവദിച്ച്, പഞ്ചായത്തിന് ആവശ്യമായ രൂപരേഖ, വിവരശേഖരണം എന്നിവ തയ്യാറാക്കി കൈമാറി. കിലയുടെ ആഭിമുഖ്യത്തിലാണ് സർവ്വേ നടന്നത്.

പഞ്ചായത്തിലെ 12ആം വാർഡ് ആണ് സർവ്വേയ്ക്കായി തെരഞ്ഞെടുത്തത്. വാർഡ് 6 ഭാഗങ്ങളായി തിരിച്ച് പത്ത് പേരുടെ നേതൃത്വത്തിലാണ് സർവ്വേ നടന്നത്. ഇവരെ സഹായിക്കാൻ പഞ്ചായത്ത് പ്രതിനിധികളും ഉണ്ടായിരുന്നു. ഒരു ദിവസം കൊണ്ട് 474 വീടുകളിലാണ് സംഘം സർവ്വെ നടത്തിയത്. സർവ്വേയ്ക്ക് ശേഷം  കണ്ടെത്തിയ പ്രശ്നങ്ങൾ വിശകലനം ചെയ്യുകയും പരിഹാരം നിർദ്ദേശിക്കുകയും ചെയ്തു. പഞ്ചായത്തിനെ കുറിച്ച് മികച്ച അഭിപ്രായമാണ് സംഘം പങ്കുവച്ചത്.

തെക്കുംകര ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ച് ഈ അനുഭവം ആദ്യമായാണെന്ന് പ്രസിഡന്റ് ടി വി സുനിൽകുമാർ പറഞ്ഞു. സമഗ്രമായ, മികച്ച സർവ്വേ ആണ് നടത്തിയതെന്നും  പ്രശ്നങ്ങൾ പരിഹരിക്കാൻ വലിയ പ്രോത്സാഹനമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.  മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഖരമാലിന്യ സംസ്കരണത്തിന് ഏറ്റവും മികച്ച സംവിധാനമൊരുക്കി  ജില്ലയിൽ ഒന്നാമതായ ഗ്രാമപഞ്ചായത്ത് കൂടിയാണ് തെക്കുംകര.ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങ്  പ്രസിഡന്റ് ടി വി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.