ഏനാമാവിൽ സ്ഥിരമായ ബണ്ട് നിർമ്മാണത്തിനായി  7 കോടി രൂപ അനുവദിച്ച് കഴിഞ്ഞതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ  ഏനാമാവ് ബണ്ട് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ഏനാമാവിലെ ബണ്ട് പ്രശ്നം അനന്തമായി നീട്ടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. സ്ഥിരമായ ഒരു സംവിധാനത്തിനുള്ള സമീപനം ആയിരിക്കും സ്വീകരിക്കുക. ക്യാബിനറ്റിൽ ചർച്ച ചെയ്ത് അടിയന്തരമായ സംവിധാനം ഒരുക്കുമെന്നും ഈ മാസം തന്നെ ഇതിനുള്ള പരിഹാരം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നടപടിക്രമങ്ങൾ  കൃത്യമായി പ്രസിദ്ധീകരിക്കാൻ  കഴിയുന്ന വിധത്തിൽ ക്രമീകരണങ്ങൾ ഉണ്ടാക്കും. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്. താൽക്കാലികമായിട്ടുള്ള ബണ്ട് മാറ്റി പുനർ നിശ്ചയിക്കുന്നതിനുള്ള നടപടികളാണ് നിലവിൽ നടക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ അത് പൂർണമായും  മാറ്റാനുള്ള  സൗകര്യം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.

ഏനാമാവ് റഗുലേറ്ററുമായി ബന്ധപ്പെട്ട് എല്ലാവർഷവും ബണ്ട് മാറ്റി നിശ്ചയിക്കേണ്ട അവസ്ഥയാണുള്ളത്.  കടലിനോട് അടുത്ത് കിടക്കുന്ന പ്രദേശം ആയതുകൊണ്ട്  വെള്ളം ഇറങ്ങി പോകുന്നതുപോലെ തന്നെ ഉപ്പുവെള്ളം കയറുന്നതിനും സാധ്യത ഏറെയാണ്. ഇതിന് ശാശ്വത പരിഹാരം കാണാനുള്ള ശ്രമമാണ് നടപ്പിലാക്കാൻ പോകുന്നതെന്നും മന്ത്രി പറഞ്ഞു. 5 തവണ ടെണ്ടറുകൾ വിളിച്ചിട്ടും ബണ്ട് നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഇത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി  വ്യക്തമാക്കി.

മഴ തുടരുന്ന പശ്ചാത്തലത്തിൽ  ജില്ലയിലെ മുഴുവൻ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെയും യോഗം വിളിച്ച് ചേർക്കും. വളരെ അപകടകരമായ  രീതിയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റും. മഴയെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ  മലയോര മേഖലയിൽ ഇടപെടൽ നടത്തണം. അപകട മേഖലയിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കാൻ  നടപടി സ്വീകരിക്കും. ഓറഞ്ച് ബുക്ക് 2021  അടിസ്ഥാനമാക്കിയുള്ള നടപടികളുമായി മുന്നോട്ട് പോകണമെന്നും  മന്ത്രി കൂട്ടിചേർത്തു.