* ഭിന്നശേഷി സേവനങ്ങൾ ഇനി സമീപത്ത്
കണ്ണൂർ ജില്ലയിൽ ഭിന്നശേഷിക്കാർക്കായുള്ള ക്ഷേമപദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷന്റെ ജില്ലാ ഓഫീസ് ആരംഭിക്കുന്നു. ഭിന്ന ശേഷി സൗഹൃദമായ മട്ടന്നൂർ റവന്യൂ ടവറിലെ മൂന്നാം നിലയിൽ ആണ് ഓഫീസ് ആരംഭിക്കുക.
ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നതോടെ ജില്ലയിലെ ഭിന്നശേഷിക്കാർക്ക് വായ്പ പദ്ധതികൾ സഹായോപകരണങ്ങൾ ഉൾപ്പെടെയുള്ള സേവനങ്ങൾ നേരിട്ട് ലഭ്യമാകും. ഇതുവരെ ജില്ലയ്ക്ക് പുറത്തുള്ള ഓഫീസുകളെ ആശ്രയിച്ചിരുന്ന അപേക്ഷകരുടെ പ്രയാസം കുറയുകയും അപേക്ഷ പരിഗണനയും സേവന വിതരണവും വേഗത്തിലാകുകയും ചെയ്യും.
സംസ്ഥാനത്തുടനീളം ഭിന്നശേഷിക്കാർക്കായുള്ള ഭിന്ന ശേഷി കോർപ്പറേഷന്റെ പദ്ധതികൾ കൂടുതൽ വ്യാപിപ്പിക്കണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ജില്ലാതല ഓഫീസുകൾ ആരംഭിക്കുന്നത്. കാസർഗോഡ്, ഇടുക്കി ജില്ലകളിൽ പുതിയതായി ഓഫീസ് ആരംഭിച്ചിരുന്നു. കണ്ണൂരിന് പുറമേ ആലപ്പുഴ, മലപ്പുറം, പത്തനംതിട്ട ജില്ലകളിലും ഓഫീസുകൾ ആരംഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്.
