കശുവണ്ടിത്തൊഴിലാളികൾക്ക് ഓണത്തിന് ബോണസ് നൽകുന്നതു സംബന്ധിച്ച് അനുകൂലമായ തീരുമാനമെടുക്കണമെന്ന് കശുവണ്ടി വ്യവസായ വികസന വകുപ്പ് മന്ത്രി ജെ. മെഴ്‌സിക്കുട്ടി അമ്മ വ്യവസായികളോട് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ സെക്രട്ടേറിയറ്റിൽ വിളിച്ചുചേർത്ത വ്യവസായികളുടെയും ട്രേഡ് യൂണിയൻ നേതാക്കളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കശുവണ്ടി വ്യവസായം വലിയ പ്രതിസന്ധി നേരിടുന്നുണ്ട് എങ്കിലും തൊഴിലാളികൾക്ക് ഓണക്കാലത്ത് ലഭിക്കേണ്ട ന്യായമായ ബോണസ് നൽകാൻ തൊഴിലുടമകൾ തയ്യാറാകണം. നിലവിലുള്ള ബോണസ് പരിധി ഉയർത്തി തൊഴിലുടമകൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ സർക്കാരിനു താത്പര്യമില്ല. എന്നാൽ ലഭിച്ചുകൊണ്ടിരിക്കുന്ന ബോണസ് തുക കുറയ്ക്കണമെന്ന നിലപാട് തൊഴിലുടമകൾ പിൻവലിക്കണം. കുറഞ്ഞ കാലം മാത്രം പ്രവർത്തിച്ച ഫാക്ടറികളുടെ ബോണസ് കാര്യത്തിൽ ന്യായമായ തീരുമാനത്തിലെത്താൻ സർക്കാർ സാഹചര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു.
ഓണത്തിനുമുമ്പ് 17, 18 തിയതികളിലായി തൊഴിലാളികൾക്ക് ബോണസ് ലഭിക്കുന്ന സാഹചര്യമൊരുക്കണം. ബോണസ് നിരക്ക് എത്രയാണെന്നു തീരുമാനിക്കാൻ ട്രേഡ് യൂണിയൻ നേതാക്കൾക്കും തൊഴിലുടമകൾക്കും 13 വരെ സമയമനുവദിക്കും. 13ന് ചേരുന്ന യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ ട്രേഡ് യൂണിയൻ നേതാക്കളും തൊഴിലുടമകളും തയ്യാറാകണം.
ഓണത്തിനുശേഷം ചേരുന്ന ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മിറ്റി യോഗത്തിൽ വ്യവസായത്തിലെ മുഴുവൻ തൊഴിലാളികളുടെയും സ്റ്റാഫിന്റെയും സേവന കരാർ നിലവിൽ വരുത്തുന്നത് സംബന്ധിച്ച് ചർച്ചചെയ്ത് തീരുമാനത്തിലെത്തണം. നിലവിലുള്ള തൊഴിൽ സാഹചര്യങ്ങളും അനുബന്ധകാര്യങ്ങളും സംബന്ധിച്ച് പഠനം നടത്തി രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് വരുന്ന മുറയ്ക്ക് ചർച്ച നടത്തി കരാറിന് രൂപം കൊടുക്കാവുന്നതാണ്. ഓണം കഴിഞ്ഞു ചേരുന്ന ആദ്യ ഐആർസി യോഗത്തിൽ സ്റ്റാഫിന്റെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച കാര്യത്തിൽ ചർച്ചചെയ്ത് തീരുമാനത്തിലെത്തണമെന്നും മന്ത്രി പറഞ്ഞു. കാപ്പെക്‌സ് ചെയർമാൻ പി.ആർ. വസന്തൻ, കേരള സ്റ്റേറ്റ് കാഷ്യൂ ഡവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ, വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ, തൊഴിലുടമാ പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.