16ന് പഞ്ചായത്തുകളിൽ പബ്ലിക് ഹിയറിംഗ് നഷ്ടം കണക്കാക്കുന്നത് വേഗത്തിലാക്കും

മഴക്കെടുതി പ്രദേശങ്ങളും ക്യാംപുകളും മന്ത്രി സന്ദർശിച്ചു

സമാനതകളില്ലാത്ത ദുരന്തങ്ങളാണ് മഴക്കെടുതിയുടെ ഭാഗമായി ഉണ്ടായിരിക്കുന്നതെന്നും ജനങ്ങൾക്കുണ്ടായ ദുരിതമകറ്റാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ. ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്കായുള്ള ആശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ ബ്ലോക്ക് ഓഫീസിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ ദുരന്തത്തെ നേരിടാൻ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം. മഴവെള്ളവും മണ്ണും കയറിയ കേടുവന്ന വീടുകളും കിണറുകളും വൃത്തിയാക്കുന്നതിനും റോഡുകളും പാലങ്ങളും ഉപയോഗയോഗ്യമാക്കുന്നതിനും ജനങ്ങൾ രംഗത്തിറങ്ങണം. തൊഴിലുറപ്പു പദ്ധതി തൊഴിലാളികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തണം. ഈ പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകണമെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതിക്കിരയായവർക്ക് താൽക്കാലിക ആശ്വാസമൊരുക്കുന്നതിൽ ജില്ലാ ഭരണകൂടവും തദ്ദേശസ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിച്ചതായി വിലയിരുത്തിയ മന്ത്രി, നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിലാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി.
വീട്, കൃഷി, ഭൂമി എന്നിവ നഷ്ടപ്പെട്ടവർക്ക് പരമാവധി നഷ്ടപരിഹാരം ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പൂർണമായോ ഭാഗികമായോ തകർന്ന വീടുകൾക്കൊപ്പം മണ്ണിടിഞ്ഞു വീണ് വാസയോഗ്യമല്ലാതായി തീർന്ന വീടുകളുടെയും കണക്കുകൾ എടുക്കണം. ഉരുൾപൊട്ടലിനെ തുടർന്ന് ഭൂമി നഷ്ടമായവർക്ക് പകരം സംവിധാനമൊരുക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കാവശ്യമായ അടിയന്തര സംവിധാനങ്ങളൊരുക്കുന്നതിന് ആവശ്യമായ തുക ചെലവഴിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് മുൻകൂർ അനുമതി നൽകുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി അറിയിച്ചു.
അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിൽ പഞ്ചായത്ത്-വില്ലേജ് ഓവർസീയർമാർ, കൃഷി ഓഫീസർമാർ എന്നിവരും ജനപ്രതിനിധികളും ചേർന്ന് മഴക്കെടുതിയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കുകളെടുക്കും. നേരിട്ടുള്ള കണക്കെടുപ്പിൽ വിട്ടുപോയവർക്കായി 16ന് പഞ്ചായത്ത് ഓഫീസുകളിൽ വച്ച് വില്ലേജുതല പബ്ലിക് ഹിയറിംഗിന് സംവിധാനമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കനത്തമഴയിലും ഉരുൾപൊട്ടലിലും തകർന്ന റോഡുകൾ, പാലങ്ങൾ, വൈദ്യുതി സംവിധാനങ്ങൾ, പൊതു കെട്ടിടങ്ങൾ തുടങ്ങിയവയുടെ കണക്കെടുക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി. തകർന്ന പുഴയോരങ്ങളും തോടുകളുടെ വശങ്ങളും ശരിയാക്കുന്നതിനുള്ള സംവിധാനമൊരുക്കണം.
രണ്ട് താലൂക്കുകളിലുമായി ഒട്ടേറെ റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ളവയാണ് ഇവയിലേറെയും. പൊതുമരാമത്ത് മേഖലയിൽ മാത്രം കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഇവ ശരിയാക്കിയെടുക്കാൻ സംസ്ഥാന സർക്കാർ മാത്രം വിചാരിച്ചാൽ സാധ്യമല്ലെന്നും കേന്ദ്രത്തിൽ നിന്നുള്ള സഹായത്തിലാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ച പ്രധാനമന്ത്രി കേരളത്തിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇരുന്നൂറോ മുന്നൂറോ കോടികൾ കൊണ്ടുമാത്രം സംസ്ഥാനത്തിനുണ്ടായ നഷ്ടം തീർക്കാനാവില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രദേശത്തെ ക്വാറികൾ പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിൽ അക്കാര്യം ഗൗരവത്തോടെ കാണുമെന്നും അതിനെതിരേ ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. ക്വാറികളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന കേസുകളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും ക്വാറി ഉടമകൾ തന്നെ അവ നീക്കേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നാശനഷ്ടങ്ങളുടെ യഥാർത്ഥ നഷ്ടപരിഹാരം കണക്കാക്കി നൽകണമെന്നും ജില്ലയിലെ മഴക്കെടുതി ബാധിത പ്രദേശങ്ങൾക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കേന്ദ്രസംഘത്തെ ഇവിടേക്ക് ക്ഷണിക്കണമെന്നും എംഎൽഎമാരായ കെ സി ജോസഫ്, സണ്ണി ജോസഫ് തുടങ്ങിയവർ പറഞ്ഞു.
ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളാണ് നിലവിൽ രണ്ട് താലൂക്കുകളിലായി പ്രവർത്തിക്കുന്നതെന്നും ഇവർക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും ജില്ലാ കലക്ടർ മീർ മുഹമ്മദലി പറഞ്ഞു. മഴക്കെടുതികൾക്കിരയായവർക്ക് പുതപ്പുകളും വസ്ത്രങ്ങളും ഭക്ഷണസാധനങ്ങളും മറ്റുമായി വലിയ സഹായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട ആശുപത്രികളിൽ ആംബുലൻസ് അടക്കമുള്ള എമർജൻസി മെഡിക്കൽ സംഘത്തെ സജ്ജമാക്കിയിട്ടുണ്ടെന്ന് ഡി എം ഒ അറിയിച്ചു.
ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ എം എൽ എമാരായ കെ സി ജോസഫ്, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടർ മീർ മുഹമ്മദലി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ ടി റോസമ്മ, ഇരിട്ടി നഗരസഭ ചെയർമാൻ പി പി അശോകൻ, ഉളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെർലി അലക്‌സാണ്ടർ, ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പിൽ, അയ്യങ്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗം തോമസ് വർഗീസ്, അസിസ്റ്റന്റ് കലക്ടർ ആർജുൻ പാണ്ഡ്യൻ, ഡിഎംഒ ഡോ. കെ നാരായണ നായിക്, തഹസിൽദാർ കെ കെ ദിവാകരൻ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് ഉരുൾപൊട്ടലുണ്ടായ പാറക്കാമല, എടപ്പുഴ, കീഴങ്ങാനം, മാഞ്ചോട് പാലം തുടങ്ങിയ സ്ഥലങ്ങളും മണ്ണിടിച്ചിലിൽ മരണപ്പെട്ട രണ്ടുപേരുടെ വീടും, കച്ചേരിക്കടവ്, മാങ്ങോട് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രിയും സംഘവും സന്ദർശിച്ചു.