ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യവും കളക്ടറുടെ നിര്‍ദേശം
ജില്ലയില്‍ കാലവര്‍ഷം ശക്തമാവുകയും ഡാമുകള്‍ തുറക്കുകയും ചെയ്തതോടെ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന സാഹചര്യത്തില്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളതായും ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്നതായും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ജലവിഭവ വകുപ്പ് മന്ത്രി മാതയു ടി.തോമസിനെ അറിയിച്ചു. ജില്ലയിലെ ദുരന്ത നിരവാരണ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജലവിഭവ മന്ത്രി കളക്ടറേറ്റിലെത്തിയപ്പോഴാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ കളക്ടര്‍ അറിയിച്ചത്. ബലിതര്‍പ്പണത്തോടനുബന്ധിച്ച് പോലീസിന്റെ ആഭിമുഖ്യത്തില്‍ കര്‍ശനമായ സുരക്ഷ ഒരുക്കിയിരുന്നതായും നദികളിലെ ജലനിരപ്പ് സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്‍കുന്നതിനു ള്ള എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളതായും കളക്ടര്‍ പറഞ്ഞു.
പ്രളയക്കെടുതി മൂലം 825 പേരെയാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുള്ളത്. തിരുവല്ല താലൂക്കില്‍ 15 ക്യാമ്പുകളിലായി 163 കുടുംബങ്ങളിലെ 523 പേരെയും കോഴഞ്ചേരി താലൂക്കില്‍ എട്ട് ക്യാമ്പുകളിലായി 89 കുടുംബങ്ങളിലെ 297 പേരെയും മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെയുമാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. തിരുവല്ല താലൂക്കില്‍ ഇരവിപേരൂര്‍ വില്ലേജില്‍ എന്‍എസ്എസ് കരയോഗം വാടിക്കുളം, കണ്ണോത്ത് അങ്കണവാടി, തോട്ടപ്പുഴശേരി വില്ലേജില്‍ എംറ്റിഎല്‍പിഎസ് നെടുമ്പ്രയാര്‍, ചെറുപുഷ്പം സ്‌കൂള്‍ മാരാമണ്‍, എഎംഎംറ്റിറ്റിഐ സ്‌കൂള്‍, കുറ്റൂര്‍ വില്ലേജില്‍ തെങ്ങേലി സാംസ്‌കാരിക നിലയം, കുറ്റപ്പുഴ വില്ലേജില്‍ തിരുമൂലപുരം കമ്മ്യൂണിറ്റി ഹാള്‍, നെടുമ്പ്രം വില്ലേജില്‍ കാരാത്ര കമ്മ്യൂണിറ്റി ഹാള്‍, നെടുമ്പ്രം എംറ്റിഎല്‍പിഎസ് സ്‌കൂള്‍, കോയിപ്രം വില്ലേജില്‍ തട്ടേക്കാട് സെന്റ് തോമസ് എല്‍പിഎസ്, പുലരിക്കാട് ഇഎഎല്‍പിഎസ്, മുഖത്തല സാംസ്‌കാരിക നിലയം, കടപ്ര വില്ലേജില്‍ തേവര്‍കുഴി എംറ്റിഎല്‍പിഎസ്, എംഎസ്എം സ്‌കൂള്‍, വടക്കുംഭാഗം സെന്‍ട്രല്‍ എല്‍പിഎസ് എന്നീ ക്യാമ്പുകളാണുള്ളത്.
കോഴഞ്ചേരി താലൂക്കില്‍ കിടങ്ങന്നൂര്‍ വില്ലേജില്‍ എഴിക്കാട് നഴ്‌സറി സ്‌കൂള്‍, എഴിക്കാട് കമ്മ്യൂണിറ്റി ഹാള്‍, നാല്‍ക്കാലിക്കല്‍ മായാലുമണ്‍ എല്‍പിഎസ്, വല്ലന എസ്എന്‍ഡിപി സ്‌കൂള്‍, നീര്‍വിളാകം എംറ്റിഎല്‍പിഎസ്, ആറന്മുള വില്ലേജില്‍ ആറാട്ടുപുഴ ഗവണ്‍മെന്റ് യുപിഎസ്, മല്ലപ്പുഴശേരി വില്ലേജില്‍ കുറുന്താര്‍ കമ്മ്യൂണിറ്റി ഹാള്‍, ഓന്തേക്കാട് എംറ്റിഎല്‍പിഎസ് എന്നിവയാണ് ക്യാമ്പുകള്‍.
മല്ലപ്പള്ളി താലൂക്കില്‍ പുറമറ്റം വില്ലേജിലെ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാമ്പ്.
അടൂര്‍, കോന്നി, റാന്നി താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടില്ല.