ജനങ്ങളില്‍ ശുചിത്വ ബോധവത്ക്കരണം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. റീബില്‍ഡ് കേരളയുടെ ഭാഗമായി സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങളിലെ ഓഫീസുകളില്‍ നിന്നും അജൈവ പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നതിന് ക്ലീന്‍ കേരളാ കമ്പനി നിര്‍മിച്ച മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സാമൂഹ്യ ശുചിത്വവും മാലിന്യ സംസ്‌കരണവും സ്വന്തം ഉത്തരവാദിത്വമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടാവണം. അത്തരം ബോധ്യത്തെ സൃഷ്ടിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയും വെടിപ്പും ഉള്ളതാക്കി നിലനിര്‍ത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുഇടങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് നിയമപരമായി ശിക്ഷാര്‍ഹമാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങള്‍ പൂര്‍ണമായി മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയും മാലിന്യമുക്ത കേരളത്തിനായി കൈകോര്‍ത്തും കൊണ്ടാണ് ഈ പദ്ധതി തുടങ്ങിയത്. സംസ്ഥാനമൊട്ടാകെ ആദ്യഘട്ടത്തില്‍ 32 കേന്ദ്രങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനമാരംഭിച്ചതില്‍ 15 എണ്ണം പൂര്‍ത്തീകരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പ്രാദേശികമായി പാഴ് വസ്തുക്കള്‍ ശേഖരിക്കുന്നതില്‍ ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനം ഇതിനോടകം മാതൃകാപരവും ജനകീയവുമായിമാറി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് എംസിഎഫ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയില്‍ മൂന്നാമത്തെ എം സി എഫ് അടൂരിലാണ് നിര്‍മിക്കുന്നത്.

സ്വയം ശുചിത്വത്തില്‍ നാമോരോരുത്തരും മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ പരിസരം എത്രത്തോളം മാലിന്യമുക്തമാണെന്ന് കാണാതെ പോകുന്ന സാഹചര്യത്തിനാണ് മാറ്റം വരേണ്ടതെന്ന് മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലയിലെ ഓഫീസുകള്‍ ഗ്രീന്‍ ഓഫീസുകളായി മാറ്റണമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച നഗരസഭാ ചെയര്‍മാന്‍ അഡ്വ. റ്റി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു.