തിരുവനന്തപുരം: ജീവപര്യന്തമടക്കമുള്ള ശിക്ഷയനുഭവിക്കുന്ന തടവുകാര്‍ തങ്ങളുടെ കരവിരുതുമായി ഒന്നിച്ചപ്പോള്‍ കനകക്കുന്നിലെ എന്റെ കേരളം പ്രദര്‍ശന വേദിയില്‍ ഒരുങ്ങിയത് മറ്റൊരു സെന്‍ട്രല്‍ ജയില്‍. ജയിലിനകം പരിചയപ്പെടുത്തുക എന്ന മുഖ്യലക്ഷ്യത്തോടെ ജയില്‍ വകുപ്പ് ഒരുക്കിയ മാതൃകാ സെന്‍ട്രല്‍ ജയിലില്‍ ആദ്യദിനം തന്നെ സന്ദര്‍ശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കേരളത്തില്‍ ആദ്യമായാണ് ജയില്‍ വകുപ്പ് ഇത്തരത്തിലൊരു മിനിയേച്ചര്‍ ജയില്‍ നിര്‍മിക്കുന്നത്. വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 12 ജയില്‍ അന്തേവാസികളാണ് മാതൃകാ ജയില്‍ തയ്യാറാക്കിയത്. 1500 ചതുരശ്ര സെന്റിമീറ്ററില്‍ 16 അടി ഉയരവും 26 അടി നീളവും 56 അടി വീതിയുമുള്ള ഈ മാതൃകാ ജയിലില്‍ മെയിന്‍ ഗേറ്റ്, വിക്കറ്റ് ഗേറ്റ്, ഇന്‍സൈഡ് ഗേറ്റ്, അഡ്മിഷന്‍ റൂം, ലോക്കപ്പ് ബോര്‍ഡ്, വിവരശേഖരണ ബോര്‍ഡ്, നാല് തടവറകള്‍, സെക്യൂരിറ്റി ടവര്‍ എന്നിവ ഉള്‍പ്പെടുന്നു. എ കെ ജി തടവനുഭവിച്ചിരുന്ന സെല്ലിന്റെ മാതൃകയും ഇവിടെ ഒരുക്കിയിട്ടുണ്ട്. വധശിക്ഷ വിധിക്കുന്നവര്‍ക്കുള്ള ഗാലോസ് സംവിധാനവും സെന്‍ട്രല്‍ ജയിലിന്റെ സാറ്റലൈറ്റ് ദൃശ്യത്തിന്റെ മിനിയേച്ചറും ജയില്‍ വകുപ്പ് കാണികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ജയില്‍ ചരിത്രം, പദ്ധതികള്‍, തടവുകാരുടെ ക്ഷേമം, പുനരധിവാസം എന്നിവ ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററിയും വകുപ്പ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. തടവുമുറിയില്‍ കയറി ഫോട്ടോ എടുക്കാനും ഏറെ തിരക്ക് അനുഭവപ്പെട്ടു. പോലീസ്, ഫയര്‍ ഫോഴ്സ് എന്നിവരുടെ വിപുലമായ സ്റ്റാളും കനക്കക്കുന്നിലെ മേളയിലുണ്ട്.
