മഴക്കെടുതിയില്‍ കേരളത്തില്‍ 31 പേര്‍ മരിച്ചു. അഞ്ച് പേരെ കാണാതായി. കഴിഞ്ഞ ദിവസം 29 മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആലപ്പുഴയിലാണ് രണ്ടു പേര്‍ കൂടി മരിച്ചത്. ഇടുക്കിയില്‍ മൂന്നു പേരേയും മലപ്പുറത്തും പാലക്കാട്ടും ഓരോരുത്തരെയും കാണാതായി. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 513 ക്യാമ്പുകളിലായി 60622 പേര്‍ കഴിയുന്നു. ആലപ്പുഴ ജില്ലയില്‍ നേരത്തെയുണ്ടായ മഴക്കെടുതിയെ തുടര്‍ന്ന് ആരംഭിച്ച ക്യാമ്പുകളില്‍ കഴിയുന്നവരുള്‍പ്പെടെയാണിത്. 1501 വീടുകള്‍ ഭാഗികമായും 101 എണ്ണം പൂര്‍ണമായും നശിച്ചിട്ടുണ്ട്. മലപ്പുറം വണ്ടൂരില്‍ മഴവെള്ളപ്പാച്ചിലില്‍ നശിച്ച നടുവത്ത് വെള്ളമ്പ്രം റോഡിന് കുറുകെ സേനയുടെ സഹായത്തോടെ താത്കാലിക പാലം നിര്‍മാണം നടക്കുന്നു.
കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, ആലുവ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ആര്‍മിയെ വിന്യസിച്ചിട്ടുള്ളത്. വായൂസേനയുടെ രണ്ട് എ. എന്‍ 32 സുലൂരില്‍ സജ്ജമാണ്. വയനാട്, ആലുവ, കൊച്ചി എന്നിവിടങ്ങളിലാണ് നേവിയിലെ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.