തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രാവിഷ്‌കൃത പദ്ധതി ഗുണഭോക്താക്കളുമായി മെയ് 31ന് മുഖാമുഖം നടത്തും. രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഇതിന്റെ ഭാഗമായി വിപുലമായ പരിപാടി നടത്തും. തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്ത് ഹാളിലാണ് പരിപാടി. 13 കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ 20 വീതം ഗുണഭോക്താക്കളെയാണ് മുഖാമുഖത്തില്‍ പങ്കെടുപ്പിക്കുക. സംസ്ഥാന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, വിശിഷ്ട വ്യക്തികള്‍, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരും പങ്കൈടുക്കും. ഷിംലയില്‍ നിന്നാണ് പ്രധാനമന്ത്രി പരിപാടിയെ സംബോധന ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കളുമായി അദ്ദേഹം നേരില്‍ സംവദിക്കും.
രാവിലെ 9.45ന് ചടങ്ങ് ആരംഭിക്കും. 10.55 ന് പ്രധാനമന്ത്രി സംസാരിക്കും. ജില്ലയില്‍ മുഖാമുഖം പരിപാടി വിജയിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാറിന്റെയും ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസയുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വിപുലമായ രീതിയില്‍ പരിപാടി സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. ജില്ലയില്‍ ഗ്രാമ വികസന വകുപ്പിനാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല. തദ്ദേശസ്വയം ഭരണ വകുപ്പാണ് ഇതിന്റെ ഏകോപനം നിര്‍വഹിക്കുക. യോഗത്തില്‍ ജില്ലാ വികസന കമ്മിഷണര്‍ വിനയ് ഗോയല്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി. എസ് ബിജു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി ബോണ്‍സ്‌ലെ, പഞ്ചായത്ത് സെക്രട്ടറി റോയ് മാത്യു, ജില്ലാ പഞ്ചായത്ത് അഗങ്ങള്‍, മറ്റ് വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.