ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഒ.പി സമയം കഴിഞ്ഞും ഉച്ചയ്ക്ക് ശേഷവും കാഷ്വാലിറ്റിയില്‍ ഒരു മെഡിക്കല്‍ ഓഫീസറുടേയും ഒരു ജൂനിയര്‍ റസിഡന്റിന്റേയും സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടേയും സേവനം റൊട്ടേഷന്‍ വ്യവസ്ഥയില്‍ ലഭ്യമാണെന്ന് പ്രിന്‍സിപ്പാള്‍ ജില്ലാ വികസന സമിതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. മെഡിക്കല്‍ കോളേജില്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ പരിശോധനയില്‍ ചൂണ്ടിക്കാണിച്ച ഫാക്കല്‍ട്ടിമാരുടേയും റെസിഡന്റുമാരുടേയും കുറവുകള്‍ പൂര്‍ണ്ണമായും പരിഹരിച്ചെന്നും നെഴ്‌സിങ് പാരാമെഡിക്കല്‍ സ്റ്റാഫുകളുടെ കുറവ് പരിഹരിക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി നിയമനം നടത്തിയെന്നും, പുതിയ തസ്തികയ്ക്ക് പ്രൊപ്പോസല്‍ സമിര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതു സംബന്ധിച്ച് ഡീന്‍ കുര്യാക്കോസ് എം പി കഴിഞ്ഞ മാസത്തെ വികസന സമിതി യോഗത്തില്‍ ഉന്നയിച്ച ആവശ്യത്തിന് മറുപടിയായാണ് പ്രിന്‍സിപ്പാള്‍ ഇങ്ങനെ റിപ്പോര്‍ട്ട് നല്‍കിയത്.

പട്ടയമില്ലാത്ത ഭൂമിയില്‍ താമസിക്കുന്ന ഗുണഭോക്താക്കള്‍ക്ക് വില്ലേജ് ഓഫീസില്‍ നിന്ന് കൈവശാവകാശരേഖ നല്‍കുന്നില്ലെന്നും പട്ടയമുള്ള സ്ഥലം നിലമായതിനാല്‍ കേട്ടിട നിര്‍മ്മാണത്തിന് അനുമതി ലഭിക്കില്ലെന്നും മൂന്നാര്‍ മേഖലയില്‍ റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ലെന്നും കേരള ഹൈക്കോടതി വിധിയുള്ളത് പി എം എ വൈ പദ്ധതി പ്രകാരം വീട് ലഭിക്കുന്നതിന് തടസ്സമാണ്. ഇതിന് റവന്യു വകുപ്പിന്റെ ഇടപെടല്‍ വേണമെന്നും ദാരദ്രലഘൂകരണ വിഭാഗം പ്രോജകറ്റ് ഡയറക്ടര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പി എം നൗഷാദിന് മറുപടി നല്‍കി. ഭൂമി നിര്‍ണ്ണയ സമിതി (ലാന്റ് അസസ്‌മെന്റ് കമ്മിറ്റി) അളന്ന് തിട്ടപ്പെടുത്തിയ സ്ഥലങ്ങളിലെ പട്ടയങ്ങള്‍ സമയബന്ധിതമായി വിതരണം ചെയ്യണമെന്ന് അഡ്വ. എ. രാജ എം എല്‍ എ വികസന സമിതിയ്ക്ക് നല്‍കിയ കത്തിലൂടെ ആവശ്യപ്പെട്ടു.

മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടി മാറ്റുക, റോഡരികില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളിടത്ത് സുരക്ഷാ നടപടികള്‍ സ്വീകരിക്കുക, തോട്ടം മേഖലയിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ വെട്ടിമാറ്റുക തുടങ്ങിയവയെല്ലാം കൃത്യമായി നടന്നു വരുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളില്‍ ജില്ലാ ഉദ്യോഗസ്ഥര്‍ ഉന്നയിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജലജീവന്‍ പദ്ധതി നടപ്പിലാക്കുന്നതിന് സ്ഥല ലഭ്യതക്കുറവ് ഉണ്ട്.

ഇതിന് തദ്ദേശ സ്വയംഭരണവകുപ്പ് അടിയന്തിരമായി ശ്രദ്ധ നല്‍കണം. ചുറ്റുമതിലുകള്‍ ഇല്ലാത്ത സ്‌കൂളിന്റെ പട്ടിക ജില്ലാ പഞ്ചായത്തിന് ലഭ്യമാക്കാനും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. തൊടുപുഴയിലെ ജില്ലാ എക്‌സ്സൈസ് ഓഫീസ് ജില്ലാ ആസ്ഥാനത്തേക്ക് ഉടനടി മാറ്റണമെന്നും അതിന് എന്താണ് കാലത്താമസമെന്നും പ്രസിഡന്റ് എക്‌സ്സൈസ് വകുപ്പിനോട് ആരാഞ്ഞു. ഓഫീസ് സജ്ജീകരണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ താലൂക്ക് ആശുപത്രികളിലെ പ്രത്യേക വിഭാഗം ഡോക്ടര്‍മാരുടെ സേവനം, മെഡിക്കല്‍ ബോര്‍ഡ് യോഗങ്ങള്‍, ഡയാലിസിസ് സെന്ററിന്റെ പ്രവര്‍ത്തനം, തുടങ്ങിയവയുടെ പുരോഗതിയെ കുറിച്ചു ജില്ലാ വികസന കമ്മീഷണര്‍ (ഡിഡിസി) അര്‍ജുന്‍ പാണ്ഡ്യന്‍ യോഗത്തില്‍ ആരാഞ്ഞു.

യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസിലെ റിസര്‍ച്ച് ഓഫീസര്‍ തുളസിഭായി മുകുളദളം എഴുതിയ ക്വാറന്റൈന്‍ എന്ന നോവലിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍ സതീഷ് കുമാറിന് നല്‍കി നിര്‍വഹിച്ചു. ഡികെഡി2 കൊടുമുടി കീഴടക്കിയ ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യനെ യോഗത്തില്‍ ആദരിച്ചു. കൊടുമുടി കീഴടക്കിയതിന്റെ അനുഭവം ഡിഡിസി യോഗത്തില്‍ അനുസ്മരിച്ചു.

മെയ് 31 ന് വിരമിക്കുന്ന ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ഡോ. വി.ബി വിനയന്‍, മൃഗ സംരക്ഷണ ജോയിന്റ് ഡയറക്ടര്‍ ജയ ചാണ്ടി, ജില്ലാ സോയില്‍ കണ്‍സര്‍വേഷന്‍ ഓഫീസര്‍ അര്‍ജുന്‍ രാജ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ സൂസന്‍ ബെഞ്ചമിന്‍, ജില്ലാ ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എംസി ജോര്‍ജ് എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ എന്നിവര്‍ ആദരിച്ചു. എഡിഎം ഷൈജു പി ജേക്കബ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഡോ. സാബു വര്‍ഗീസ്, തുടങ്ങി വിവിധ വകുപ്പ് തല മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു.