പ്രകൃതിക്ഷോഭവും വെള്ളപ്പൊക്കവും സംസ്ഥാനമൊട്ടാകെ നാശനഷ്ടങ്ങള്‍ വിതച്ച സാഹചര്യത്തില്‍ ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി കര്‍ഷകദിനാചരണ ചടങ്ങുകള്‍ നടത്താന്‍ കൃഷി മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ നിര്‍ദ്ദേശം നല്‍കി. ആഗസ്റ്റ് 12 മുതല്‍ 16 വരെ മലപ്പുറത്ത് നടത്താനിരുന്ന സംസ്ഥാന കര്‍ഷകദിനാഘോഷ പരിപാടികളും ഇതേ രീതിയില്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്. 12 മുതല്‍ 15 വരെയുള്ള കലാപരിപാടികള്‍ മാറ്റിവച്ച് ആഗസ്റ്റ് 16-ന് കര്‍ഷക അവാര്‍ഡ്ദാനച്ചടങ്ങു മാത്രമാക്കി നടത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഇതോടനുബന്ധിച്ചുള്ള ഘോഷയാത്ര, കര്‍ഷക റാലി എല്ലാം തന്നെ റദ്ദുചെയ്യാനും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിപുലമായ പരിപാടികളോടെ അഞ്ചു ദിവസമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരുന്ന സംസ്ഥാനതല കര്‍ഷക ദിനാഘോഷചടങ്ങുകളാണ് കര്‍ഷകരും പൊതുജനങ്ങളും അനുഭവിക്കുന്ന ദുരിതത്തെ തുടര്‍ന്ന് മാറ്റി വയ്ക്കാന്‍ തീരുമാനിച്ചത്. ചിങ്ങം 1-ന് സംസ്ഥാനത്തെ എല്ലാ കൃഷി ഭവനുകളിലും നടത്തുന്ന കര്‍ഷകദിനാചരണ പരിപാടിളും ഇതേ രീതിയില്‍ അവാര്‍ഡ് ദാനചടങ്ങ് മാത്രമാക്കി ചുരുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കം നിമിത്തം കര്‍ഷകദിനാചരണം നടത്താന്‍ കഴിയാത്ത പഞ്ചായത്തുകളില്‍ അവാര്‍ഡ്ദാനചടങ്ങ് തൊട്ടടുത്ത ദിവസങ്ങളിലേക്ക് മാറ്റിവച്ച് ലളിതമായ ചടങ്ങുകളില്‍ ഒതുക്കി നടത്താനും മന്ത്രി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനതല കര്‍ഷകദിനാഘോഷത്തിന്റെ ഭാഗമായുള്ള അവാര്‍ഡ് ദാനചടങ്ങ് ആഗസ്റ്റ് 16-ന് മലപ്പുറത്ത് എടപ്പാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.