തിരുവനന്തപുരം: എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയോടനുബന്ധിച്ച് കനകക്കുന്നില്‍ പൊലീസ് കെ 9 സ്‌ക്വാഡ് അവതരിപ്പിച്ച ഡോഗ് ഷോ കാണികളെ ആവേശത്തിലാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും പരിശീലനം നേടിയെത്തിയ ശ്വാനവീരന്മാരാണ് അഭ്യാസപ്രകടനങ്ങളിലൂടെ കാണികളുടെ കയ്യടി നേടിയത്.
കേസന്വേഷണം, ദുരന്തസ്ഥലങ്ങളിലെ തിരച്ചില്‍, കുറ്റകൃത്യങ്ങളെ നേരിടല്‍, ലഹരി- സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തല്‍ തുടങ്ങിയ കാര്യങ്ങളിലെ ശ്വാനന്മാരുടെ മികവ് തെളിയിക്കുന്നതായിരുന്നു ഡോഗ് ഷോ. കേരള പോലീസ് അക്കാദമിയില്‍ നിന്ന് ഒന്‍പത് മാസത്തെ പരിശീലനം നേടിയ ഡോണ, നീന, മായ, റീന, ലക്കി, ജീത്തു, ജാക്ക്, ഹീറോ എന്നിവരാണ് ഷോയുടെ കരുത്ത്. പോലീസ് സേനയുടെ ബാഡ്ജ് ഓഫ് എക്സലന്‍സ് നേടിയ കഡാവര്‍ ഡോഗ് ‘മായ’ മൃതദേഹം കണ്ടെത്തുന്നതില്‍ വിദഗ്ദ പരിശീലനം നേടിയിട്ടുണ്ട്. പെട്ടിമുടിയിലും കൂട്ടിക്കലിലും ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് സഹായിച്ചത് ‘മായ ‘യാണ്. ബെല്‍ജിയം മെല്‍നോയ്‌സ്, ബീഗിള്‍, ലാബ്രഡോര്‍ ഇനങ്ങളില്‍ പെട്ടതാണിവ.
പോലീസ് സേനയില്‍ ഡോഗിനെ ഉപയോഗപ്പെടുത്തി ചെയ്യുന്ന അന്വേഷണരീതികളുടെ നേരിട്ടുള്ള ദൃശ്യാവിഷ്‌കാരം കാണികളില്‍ ആവേശവും ആകാംക്ഷയും നിറച്ചു. എസ്.ഐമാരായ തൃശൂര്‍ സിറ്റി കെ 9 സ്‌ക്വാഡിലെ ശശിധരന്‍.ഡി, കോഴിക്കോട് സിറ്റി കെ 9 സ്വാഡിലെ സനില്‍കുമാര്‍.ഡി എന്നിവരുടെ നേതൃത്വത്തിലാണ് സ്‌ക്വാഡിന്റെ പ്രകടനം. ഇവരോടൊപ്പം 25 പേരടങ്ങുന്ന ഉദ്യോഗസ്ഥരുമുണ്ട്.
ജൂണ്‍ രണ്ട് വരെ എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ 6 മണിവരെ പ്രദര്‍ശനമുണ്ടാകും. പ്രവേശനം സൗജന്യമാണ്.