സംസ്ഥാന സര്‍ക്കാരിന്റെ ‘മനസോട് ഇത്തിരി മണ്ണ്’പദ്ധതിയിലേക്കാണ് ഹനീഫ പൂര്‍ണ മനസോടെ സ്വന്തം ഭൂമി നല്‍കിയത്.

‘ഞാന്‍ നമിക്കുന്നു, നല്ല മനസിന്റെ ഉടമകള്‍ക്ക് മാത്രമേ ഇങ്ങനെ സ്വന്തം ഭൂമി കിടപ്പാടമില്ലാത്തവര്‍ക്ക് കൊടുക്കാന്‍ കഴിയു’. ഞായറാഴ്ച ആറന്മുള വല്ലനയില്‍ പുതുപ്പറമ്പില്‍ പി.എം. ഹനീഫയോടും കുടുംബത്തോടും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്  പറഞ്ഞ വാക്കുകള്‍ ആണിത്. സ്വന്തമായി ആകെയുള്ള 78 സെന്റില്‍ 28 സെന്റ്, അതും വല്ലനയിലെ കണ്ണായ റോഡ് അരികിലേ ഭൂമി ലൈഫ് പദ്ധതിയില്‍ ഭൂരഹിതര്‍ക്കായി വീട് വയ്ക്കാന്‍ നല്‍കിയ കാരുണ്യത്തോട് ഭൂമിയുടെ സമ്മതദാനപത്രം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാന സര്‍ക്കാരിന്റെ ‘മനസോട് ഇത്തിരി മണ്ണ്’പദ്ധതിയിലേക്കാണ് ഹനീഫ പൂര്‍ണ മനസോടെ സ്വന്തം ഭൂമി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് ഹനീഫയുടെ കുടുംബം ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇതറിഞ്ഞപ്പോള്‍ മറ്റ് തിരക്കുകള്‍ മാറ്റി വച്ച് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് അവിടെ എത്തി സമ്മതപത്രം ആറന്മുള ഗ്രാമ പഞ്ചായത്തിനു വേണ്ടി ഏറ്റുവാങ്ങുകയായിരുന്നു.

വല്ലന ഗുരുമന്ദിരത്തിനു സമീപം  പലചരക്ക് – സ്റ്റേഷനറികട നടത്തി ഉപജീവനം നടത്തുന്ന കുടുംബമാണ് ഹനീഫയുടേത്. ഭാര്യ ജാസ്മിന് ഓഹരിയായി ലഭിച്ചത് 60 സെന്റ്  ഭൂമിയാണ്. കൈയേറ്റവും റോഡ് വികസനവും  മൂലം  നിലവില്‍ ഉള്ളത്  56 സെന്റ് ആണ്. വാര്‍ദ്ധക്യത്തില്‍  ഈ വസ്തു വിറ്റു കിട്ടുന്ന തുക കൊണ്ട്  ഹജ്ജിന് പോകാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. എന്നാല്‍, അടുത്തിടെ  വല്ലനയില്‍ വാടക വീട്ടില്‍ കഴിയവെ അന്തരിച്ച രണ്ടു പേരുടെ സംസ്‌കാരത്തിലും തുടര്‍ന്ന് അവര്‍ക്ക് വീടുവയ്ക്കാന്‍ നാലു സെന്റ്  വസ്തു വീതവും വിട്ടുനല്‍കിയ സമീപവാസികളായ സലീം റാവുത്തര്‍, സുരേഷ് മംഗലത്ത് എന്നിവരുടെ കാരുണ്യ പ്രവൃത്തിയാണ് ഹനീഫയുടെ മനസിലും കാരുണ്യത്തിന്റെ  ചിന്തകള്‍  മൊട്ടിടാന്‍  കാരണം.

താനും ഭാര്യയും ഹജ്ജിനു പോയാല്‍ തങ്ങള്‍ക്കും കുടുംബത്തിനും പുണ്യം കിട്ടും. എന്നാല്‍, ആ വസ്തു ഒന്‍പതു കുടുംബത്തിന് വീതിച്ചു നല്‍കിയാല്‍ അതാകും അള്ളാഹുവിന് ഏറെ ഇഷ്ടം എന്നു തോന്നിയെന്ന് ഹനീഫ വീട്ടിലെത്തിയ മന്ത്രി വീണാ ജോര്‍ജിനോട് പറഞ്ഞു. ഈ ആഗ്രഹം എഞ്ചിനിയറിംഗ് ബിരുദധാരിയായ മകന്‍ നിസാമിനോടും, മകള്‍ അടൂര്‍ താലൂക്കാശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരിയായ ഹദറുന്നീസയോടും പങ്കുവെച്ചു. അവര്‍ക്കും സന്തോഷമായി. അതോടെയാണ് കഴിഞ്ഞ ദിവസം ലൈഫ് മിഷ്യന്‍ പ്രവര്‍ത്തകരുമായി കുടുംബം ബന്ധപ്പെട്ടതും മന്ത്രി എത്തിയതും.

സമ്മത പത്രം ഏറ്റുവാങ്ങല്‍ ചടങ്ങില്‍ ലൈഫ്മിഷന്‍ പ്രോഗ്രാം മാനേജര്‍മാരായ എസ്. അജിത, ജെ. സജീന്ദ്രബാബു, കെ. അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, ആറന്‍മുള പഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിനീത സോമന്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.