മലയാള ഭാഷയെ ഡിജിറ്റല്‍ ശക്തിയായി മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാ വാരാഘോഷത്തിന്റേയും ഉദ്ഘാടനം ഡര്‍ബാര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളുടെ വെബ്‌സൈറ്റുകള്‍ മലയാളത്തില്‍ ലഭ്യമാകണം. പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള ഗ്രന്ഥശേഖരം ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനാവണം. കമ്പ്യൂട്ടറില്‍ മലയാള ഭാഷ ഉപയോഗിക്കുന്നതില്‍ ചില പരിമിതികളുണ്ട്. യൂണികോഡില്‍ അലങ്കാര ഫോണ്ടുകള്‍ അധികമില്ലെന്ന പോരായ്മയുണ്ട്. ഇവ പരിഹരിക്കാനാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചെങ്കിലും ആനുകൂല്യങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല. ഇതിന്റെ ഫണ്ട് ലഭിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. മാതൃഭാഷയുടെ പ്രോത്‌സാഹനത്തിനും പഠനത്തിനുമായി നിയമനിര്‍മാണം നടത്തിയെങ്കിലും നിര്‍വഹണ ചട്ടം രൂപീകരിക്കേണ്ടതുണ്ട്. മാതൃഭാഷ പഠിക്കാതെ ഉന്നത വിദ്യാഭ്യാസം നേടാനാവുന്ന അവസ്ഥ കേരളത്തില്‍ മാത്രമാണുള്ളത്. മാതൃഭാഷ പഠനത്തിന് നിയമം വന്നത് ഭാഷാന്യൂനപക്ഷ മേഖലകളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ മേഖലകളില്‍ പഠനമാധ്യമം ന്യൂനപക്ഷ ഭാഷ തന്നെയാവും. എന്നാല്‍ ഉപഭാഷയായി മലയാളം പഠിക്കണം. ഭരണഭാഷ പൂര്‍ണമായി മലയാളമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.