തിരുവനന്തപുരം: അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിന്റെ നശാമുക്ത് ഭാരത് അഭിയാന്റെ നേതൃത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് കാണികള്‍ക്ക് ആസ്വാദ്യകരമായി. കനകക്കുന്നിലെ ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന – വിപണന മേളയിലാണ് ഡെയ്ല്‍ വ്യൂ കോളേജ് ഓഫ് ഫാര്‍മസി ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഡി ഫാം, ബി ഫാം വിദ്യാര്‍ത്ഥികള്‍ ഫ്‌ളാഷ് മോബും പുകയില വിരുദ്ധ സന്ദേശം നല്‍കുന്ന മൈമും അവതരിപ്പിച്ചത്. മനുഷ്യരുടെ മാത്രമല്ല പ്രകൃതിയുടെ ആരോഗ്യത്തിനും പുകയില ഉപയോഗം ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടുന്നതായി ഫ്‌ളാഷ് മോബ്. പുകയിലയുടെ ഉപയോഗം വര്‍ജ്ജിച്ച് ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണെന്ന സന്ദേശമാണ് വിദ്യാര്‍ഥികള്‍ പകര്‍ന്നത്. കാണികള്‍ക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ പുകയില വിരുദ്ധ സന്ദേശം നല്‍കി. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എം.ഷൈനി മോള്‍, ഡെയ്ല്‍ വ്യൂ കോളേജ് അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായി.
