തിരുവനന്തപുരം: ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് സാനിറ്ററി പാഡുകള്‍ ഉണ്ടാക്കുന്ന അലര്‍ജി. പലപ്പോഴും സഹിക്കുക എന്നല്ലാതെ ഇതിനു പരിഹാരമെന്തെന്ന് ചിന്തിക്കാറില്ല. എന്നാല്‍ അതിനൊരു പരിഹാരവുമായി എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ എത്തിയിരിക്കുകയാണ് തിരുവനന്തപുരം കാര്യവട്ടം സ്വദേശിനി ഷീജ. സാനിറ്ററി നാപ്കിനുകള്‍ ഉണ്ടാക്കുന്ന അലര്‍ജി, ചൊറിച്ചില്‍, വേദന, ചര്‍മം ഉരഞ്ഞു പൊട്ടല്‍ എന്നിവയ്ക്കെല്ലാം പരിഹാരമാകാന്‍ തന്റെ ഉത്പന്നമായ ഇല ഗ്രീന്‍ സാനിറ്ററി നാപ്കിനുകള്‍ക്ക് സാധിക്കുമെന്ന് ഷീജ ഉറപ്പ് നല്‍കുന്നു.
വുഡ് പള്‍പ്പും കോട്ടനും ഉപയോഗിച്ച് നിര്‍മിക്കുന്ന ഈ പാഡുകളില്‍ ചര്‍മത്തിന് ദോഷം ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ ഒന്നും ചേര്‍ക്കുന്നില്ല. മാത്രമല്ല, ഉപയോഗ ശേഷം വലിച്ചെറിയുന്ന പാഡുകളും പാക്കിങ് കവറുകളും സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നങ്ങള്‍ക്കും ഗ്രീന്‍ സാനിറ്ററി പാഡുകള്‍ പരിഹാരമാണ്. 100 ശതമാനവും മണ്ണില്‍ ലയിക്കുന്ന വസ്തുക്കളാണ് പാഡ് നിര്‍മാണത്തിലും പാക്കിങ്ങിലും ഉപയോഗിച്ചിരിക്കുന്നത്.
ടെക്നോപാര്‍ക്കില്‍ ജോലി ചെയ്തിരുന്ന സമയത്ത് കൂട്ടുകാരുമായുണ്ടായ ചെറു സംഭാഷണമാണ് ഷീജയില്‍ ഇത്തരമൊരു വലിയ ആശയത്തിന് രൂപം നല്‍കിയത്. എല്ലാ സ്ത്രീകളും അനുഭവിക്കുന്ന ഈ ബുദ്ധിമുട്ടിന് പരിഹാരം കാണാന്‍ തനിക്ക് സാധിക്കുമെന്ന ആത്മവിശ്വാസം ടെക്നോപാര്‍ക്കിലെ ജോലി ഉപേക്ഷിക്കാന്‍ ഷീജയ്ക്ക് ധൈര്യം നല്‍കി. ബയോ ഡീഗ്രയ്ഡബിള്‍ പാഡുകള്‍ക്ക് മറ്റു പാഡുകളേക്കാള്‍ നിര്‍മാണ ചെലവ് കൂടുതലാണ്. വാണിജ്യ വകുപ്പിന്റെ ധനസഹായമാണ് ഈ പ്രശ്നത്തിനു പരിഹാരമായത്. വീടിനടുത്ത് നിര്‍മിച്ച ചെറിയ ഫാക്ടറിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
കോവിഡാനന്തരം വലിയ തിരിച്ചു വരവ് നടത്താനുള്ള ശ്രമത്തിലാണ് ഗ്രീന്‍ സാനിറ്ററി പാഡ് സംരംഭം. കാരുണ്യ, ത്രിവേണി ഔട്ട്ലെറ്റുകള്‍ ആശുപത്രികള്‍ എന്നിവ വഴിയാണ് വിപണനം ആരംഭിച്ചത്. വിപണി കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് എന്റെ കേരളം മെഗാ മേളയെത്തുന്നത്. ‘മേള നല്‍കിയത് വലിയ അവസരമാണ്. ഒരുപാടുപേര്‍ പാഡുകള്‍ മേടിച്ചു. പുറത്തു നിന്നും ഉത്പന്നത്തെ കുറിച്ച് കേട്ടറിഞ്ഞ് ആളുകള്‍ സ്റ്റാളില്‍ എത്തുന്നുണ്ട്. പ്രതീക്ഷിച്ചതിലും നല്ല പ്രതികരണം മേളയിലുണ്ടായി’ ഷീജ പറഞ്ഞു.