തിരുവനന്തപുരം: പരമ്പരാഗത രീതികളില്‍ നിന്നും അത്യാധുനികതയിലേക്കുള്ള മനുഷ്യ സഞ്ചാരത്തിന്റെ നേര്‍സാക്ഷ്യമാണ് വ്യവസായ വകുപ്പ് എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഈ യാത്രാമദ്ധ്യ പലപ്പോഴും അവഗണിക്കപ്പെട്ട കൈത്തറി മേഖലയെ മുഖ്യധാരയിലേക്ക് ഉയര്‍ത്തികൊണ്ടു വന്ന വ്യവസായ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടുന്നുമുണ്ട് മേള. നെയ്ത്ത് യന്ത്രത്തിന്റെ തത്സമയ പ്രവര്‍ത്തനവും സ്റ്റാളിലുണ്ട്. പാരമ്പര്യത്തെ പ്രതിനിധീകരിച്ച് മേളയ്ക്കെത്തിയിരുക്കുന്നത് പള്ളിച്ചല്‍ സ്വദേശിനി പത്മിനിയാണ്. സര്‍ക്കാരിന്റെ കൈത്തറി സ്‌കൂള്‍ യൂണിഫോം പദ്ധതി ആശയമാക്കി യൂണിഫോം നിര്‍മാണത്തിന് ഉപയോഗിക്കുന്ന തുണിയുടെ നിര്‍മാണമാണ് പത്മിനി സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കുന്നത്. നെയ്ത്തിന്റെ ചിത്രം പകര്‍ത്തി സൂക്ഷിക്കാനായി നിരവധി പേരാണ് സ്റ്റാളില്‍ എത്തുന്നത്. ഇങ്ങനെയെത്തുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ കാത്തുനില്‍ക്കുന്നതാകട്ടെ സാങ്കേതിവിദ്യയുടെ പുതുമുഖ പ്രതിനിധിയായ റോബോട്ടും. അതിഥി സല്‍ക്കാരത്തിനായി പ്രത്യേകം പ്രോഗ്രാം ചെയ്ത റോബോട്ടിനൊപ്പം സെല്‍ഫി എടുക്കാനെത്തുന്ന കുട്ടികളിലെ കൗതുകവും സ്റ്റാളിനെ വ്യത്യസ്ഥമാക്കുന്നു.
![](https://prdlive.kerala.gov.in/wp-content/uploads/2022/05/industry3-65x65.jpg)