മധ്യവേനല്‍ അവധിക്ക് ശേഷം കളിയും ചിരിയും കരച്ചിലുമായി കുരുന്നുകള്‍ വിദ്യാലയങ്ങളിലേക്ക് അറിവിന്റെ വെളിച്ചം നുകരാന്‍ എത്തി. മൂന്നാര്‍ ഗവ. എല്‍ പി സ്‌കൂളില്‍ നടന്ന സബ് ജില്ലാ പ്രവേശനോത്സവം ദേവികുളം സബ് കളക്ടര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലെ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍ നിര്‍വ്വഹിച്ചു. പി റ്റി എ പ്രസിഡന്റ് മനോജ് അധ്യഷനായിരുന്നു. പഞ്ചായത്ത് അംഗങ്ങളായ ജാക്ലിന്‍ മേരി, സ്റ്റിഫന്‍രാജ്, മൂന്നാര്‍ എ ഇ ഒ, എം. മഞ്ജുള, ഹെഡ് മാസ്റ്റര്‍ കെ. ഷണ്‍മുഖവേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്നാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം അഡ്വ. എ. രാജ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

കുട്ടികള്‍ക്കുള്ള നോട്ട് ബുക്കുകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഭവ്യ കണ്ണന്‍ നിര്‍വ്വഹിച്ചു. ഇന്റലിജന്‍സ് ഐ ജി സേതുരാജന്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ലോബിന്‍ രാജ്, പി റ്റി എ ഭാരവാഹികളായ രമേഷ്, രാജ്കുമാര്‍, വി എച്ച് എസ് എസ് പ്രിന്‍സിപ്പാള്‍ അജി സി എസ് തുടങ്ങിയവര്‍ പങ്കെടുത്തു. അടിമാലി ബ്ലോക്ക്തല പ്രവേശനോത്സവം തോക്കുപാറ സര്‍ക്കാര്‍ യു പി സ്‌കൂളില്‍ നടന്നു. അഡ്വ. എ രാജ എംഎല്‍എ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു അധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം സോമന്‍ ചെല്ലപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്തംഗങ്ങള്‍, അടിമാലി എ ഇ ഒ വത്സമ്മ ഒ. ടി, ബി ആര്‍ സി പ്രതിനിധികള്‍, പി റ്റി എ ഭാരവാഹികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അടിമാലി ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം ദേവിയാര്‍ കോളനി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് റഷീദ് എ. കെ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങില്‍ അടിമാലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. ഡി ഷാജി പുസ്തക വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം കെ. കൃഷ്ണമൂര്‍ത്തി പഠനോപകരണ വിതരണം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ രേഖ രാധാകൃഷ്ണന്‍, സിയാദ് സുലൈമാന്‍, സന്തോഷ്, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ജയ്‌മോന്‍ പി. എസ്, ഹെഡ്മാസ്റ്റര്‍ ഡോ.മുഹമ്മദ് അഷ്‌റഫ് ആലുങ്ങല്‍, അധ്യാപകര്‍, ബി ആര്‍ സി പ്രതിനിധികള്‍, പി റ്റി എ ഭാരവാഹികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. പൂക്കളും മധുരവും നല്‍കിയായിരുന്നു വിദ്യാലയങ്ങളില്‍ ജനപ്രതിനിധികളും സ്‌കൂള്‍ അധികൃതരും കുരുന്നുകളെ സ്വീകരിച്ചത്. ദേവികുളം താലൂക്കിലെ മറ്റ് വിദ്യാലയങ്ങളിലും പ്രവേശനോത്സവം ആഘോഷമാക്കി.