തൊട്ടറിഞ്ഞും കണ്ടറിഞ്ഞുമുള്ള വിദ്യാഭ്യാസ രീതിയാണ് ഇന്നിന്റെ ആവശ്യം
വിദ്യാര്‍ഥികളെ രാജ്യാന്തരതലത്തില്‍ മികവുള്ളവരാക്കി വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ, കുടുംബക്ഷേമ, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആറന്മുള ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഏത് വെല്ലുവിളിയേയും അഭിമുഖീകരിക്കാനും വലിയ പരീക്ഷകളേയും അഭിമുഖങ്ങളേയും മികച്ച രീതിയില്‍ നേരിടാനും തക്കവണം വിദ്യാര്‍ഥികളെ പ്രാപ്തരാക്കണം.
നന്നായി ചിന്തിക്കുവാനും ചിരിക്കുവാനും കളിക്കുവാനും കുഞ്ഞുങ്ങള്‍ ശീലിക്കുന്ന ഒരു നല്ല പഠനാന്തരീക്ഷം ഒരുക്കണം. വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകള്‍ വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. കൊച്ചു കൂട്ടുകാരോട് കോവിഡിനെ പ്രതിരോധിക്കാന്‍ എന്ത് ചെയ്യണമെന്നുള്ള മന്ത്രിയുടെ ചോദ്യത്തിന് കുഞ്ഞുങ്ങള്‍ കൃത്യമായി ഉത്തരവും നല്‍കി.
സൗജന്യ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലു കൊണ്ടാണെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ലോകത്തിന്റെ സൗന്ദര്യം കുഞ്ഞുങ്ങളിലേക്കെത്തിക്കാന്‍ സാധിക്കണമെന്ന് വിശിഷ്ടാതിഥിയായിരുന്ന ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് .അയ്യര്‍ പറഞ്ഞു. സെല്‍ഫിയുടെ ഈ കാലത്ത് നമ്മുടെ ചുറ്റുമുള്ള സമൂഹത്തിന്റെ സൗന്ദര്യം തിരിച്ചറിയാന്‍ പാകത്തിലാണ് വിദ്യാര്‍ഥികള്‍ വളര്‍ന്നുവരേണ്ടതെന്നും കളക്ടര്‍ പറഞ്ഞു. അക്കിത്തത്തിന്റെ നാലുവരി കവിതയും കുഞ്ഞുങ്ങള്‍ക്ക് ചൊല്ലി നല്കിയാണ് വിശിഷ്ടാതിഥി വേദിവിട്ടത്.
ഈ വര്‍ഷം പുതുതായി 76 കുഞ്ഞുങ്ങളാണ് ഈ സ്‌കൂളില്‍ എത്തിയത്. ഇതില്‍ 33 കുഞ്ഞുങ്ങള്‍ പ്രീപ്രൈമറി വിഭാഗത്തില്‍ ആണ് എത്തിയത്. ആകെ 331 വിദ്യാര്‍ഥികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്.