തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള ഇന്ന്(ജൂണ്‍ 2) സമാപിക്കുമ്പോള്‍ സേവന സ്റ്റാളുകളുടെ പ്രയോജനം നേടിയത് 4014പേര്‍. അപേക്ഷകളിന്മേലുള്ള സൗജന്യവും തല്‍സമയവുമായ പ്രശ്ന പരിഹാരത്തിലൂടെ ഭരണമികവിന്റെ നേര്‍സാക്ഷ്യമായിരുന്നു വിവിധ വകുപ്പുകള്‍ ഒരുക്കിയസേവന സ്റ്റാളുകള്‍. അന്യസംസ്ഥാനത്തൊഴിലാളികളടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ ഉള്ളവര്‍ പ്രശ്ന പരിഹാരത്തിനായി ഇവിടെ എത്തികൊണ്ടിരിക്കുന്നു.
സമര്‍പ്പിക്കപ്പെട്ട മിക്ക അപേക്ഷകളിന്മേലും പൂര്‍ണമായും പരിഹാരം കാണാന്‍ എല്ലാ വകുപ്പുകള്‍ക്കും സാധിച്ചു. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായി നാന്നൂറോളം പേരാണ് അക്ഷയ സ്റ്റാളിലെത്തിയത്. ഡ്രൈവിംഗ് ലൈസന്‍സ് സേവനങ്ങള്‍, എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍, യുണീക്ക് ഹെല്‍ത്ത് ഐ.ഡി രജിസ്ട്രേഷന്‍ എന്നീ ആവശ്യങ്ങള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ആരോഗ്യ വകുപ്പ് സ്റ്റാളുകളിലും വന്‍ ജനതിരക്കാണ് അനുഭവപ്പെട്ടത്. മേളയുടെ അവസാന ദിനമായ ഇന്നും സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും.