കല്‍പ്പറ്റ: വെള്ളക്കെട്ടുകള്‍ പതിയെ പിന്‍വാങ്ങിയതോടെ വയനാടിന്റെ സമതലങ്ങള്‍ കരളലിയിക്കുന്ന കാഴ്ചയായി. വയനാടിന്റെ കാര്‍ഷിക സംസ്‌കാരത്തിന്റെ നാട്ടെല്ലായിരുന്ന വളര്‍ത്തു മൃഗങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ ഒന്നു നിലവിളിക്കാന്‍ പോലുമാകാതെ മരണത്തിനു കീഴടങ്ങി. വെള്ളത്തിലൂടെ ഒഴുകി നടക്കുന്ന മൃഗജഡങ്ങള്‍ ദുരന്തത്തിന്റെ നേര്‍ സാക്ഷ്യമായി. കനത്ത വെള്ളപ്പൊക്കം വയനാടിന്റെ നട്ടെല്ലൊടിച്ചതിനു പുറമെ സ്വാഭാവിക പ്രകൃതിക്കും കനത്ത നാശനഷ്ടമാണ് സമ്മാനിച്ചത്. കാര്‍ഷിക മേഖലയില്‍ ഒരുകാലത്തുണ്ടായ തകര്‍ച്ചയില്‍ നിന്നും ജില്ലയിലെ സാധാരണ കര്‍ഷകരെ കൈപിടിച്ചുയര്‍ത്തിയത് നാല്ക്കാലികളായിരുന്നു. അസാധാരണമായ വെള്ളപ്പൊക്കത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കാന്‍പ്പോലും സമയം നല്‍കാതെ കന്നുകാലികളെ കൂട്ടത്തൊടെ വെള്ളക്കെട്ട് വിഴുങ്ങി. ജഡങ്ങള്‍ പലതും പുഴയിലൂടെ ഒഴുകിനടക്കുകയാണ്. അവയെ ജലാശയങ്ങളില്‍ നിന്ന് എടുത്തുമാറ്റി സംസ്‌കരിക്കാന്‍ ജില്ലാ ഭരണകൂടം അടിയന്തര നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പനമരം പഞ്ചായത്തിലെ മാതോത്തുപൊയിലില്‍ വെള്ളമിറങ്ങിയപ്പോള്‍ കരളലിയിക്കുന്ന കാഴ്ചയായിരുന്നു. തൊഴുത്തുകളിലും വഴിവക്കിലും ആടുകളുടെയും പശുക്കളുടെയും ജഡങ്ങള്‍ ചിതറിക്കിടന്നു. പലതും ജീര്‍ണിച്ച നിലയിലാണ്. ശക്തമായ കുത്തൊഴുക്കില്‍പ്പെട്ട് കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയിലായിരുന്നു പശുക്കളുടെ ജഡങ്ങളേറെയും. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പാണ്ടങ്കോട് പുഴയിലും ജീര്‍ണിച്ച നിലയില്‍ മൃഗത്തിന്റെ ജഡം കണ്ടു. പൊലിസും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് മൃഗജഡങ്ങള്‍ പുറത്തെടുത്ത് സംസ്‌കരിച്ചു. വളര്‍ത്തുമൃഗങ്ങളെ ഒരുതരത്തിലും രക്ഷിക്കാന്‍ കഴിയില്ലെന്ന ഘട്ടമെത്തിയപ്പോള്‍ അഴിച്ചുവിട്ട കര്‍ഷകരും നിരവധിയാണ്. പലരും ദുരിതാശ്വാസ ക്യാമ്പിലേക്ക് വളര്‍ത്തുമൃഗങ്ങളെയും കൊണ്ടുപോയി. ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ പനമരം മാത്തൂര്‍വയല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തെയാണ് നേരിട്ടത്. പുഴയില്‍ നിന്നു വെള്ളം വയലിലേക്ക് കയറി പ്രധാന റോഡിലേക്കെത്തിയ കാഴ്ച പഴയ തലമുറകള്‍ക്കുപോലും അപരിചിതമായിരുന്നു. വെള്ളമിറങ്ങിയപ്പോള്‍ ഇവിടമൊക്കെ വളര്‍ത്തുമൃഗങ്ങളുടെ ശ്മാശന ഭൂമിയായി. ദുരിതങ്ങള്‍ മറവിക്കു നല്‍കി തിരികെ ജീവിതത്തിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുകയാണ് വയനാട്. അതിനവര്‍ പ്രകൃതിയില്‍ നിന്നും ഒരുപാടു പഠിച്ചു…