കുമളിയില്‍ വില്ലേജ് അടിസ്ഥാനത്തില്‍ ഭൂമി തരമാറ്റം നടത്തുന്നതിനോടനുബന്ധിച്ചുള്ള അദാലത്ത് സംഘടിപ്പിച്ചു. 2018-ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമ പ്രകാരം വില്ലേജ് രേഖയില്‍ നിലമെന്ന് രേഖപ്പെടുത്തുകയും എന്നാല്‍ 2008-ന് മുമ്പ് പരിവര്‍ത്തനപ്പെട്ടുപോകുകയും ചെയ്ത പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. 2021 നവംബര്‍ 30 വരെ വില്ലേജ് അടിസ്ഥാനത്തില്‍ ഓഫ്‌ലൈനായി ലഭിച്ച 25 പരാതികൾ പരിഗണിച്ചു. 19 കേസുകള്‍ തീര്‍പ്പാക്കുന്നതിനൊപ്പം മൂന്ന് പേര്‍ക്ക് വില്ലേജില്‍ നിന്നും നേരിട്ട് രേഖകള്‍ കൈമാറുകയും ചെയ്തു.

താലൂക്ക് അടിസ്ഥാനത്തില്‍ മുമ്പ് ലഭിച്ച 69 പരാതികളില്‍ 44 എണ്ണം നേരത്ത തീര്‍പ്പാക്കിയിരുന്നു. ജനുവരി 31 മുതല്‍ ഓണ്‍ലൈനായി ലഭിച്ച പരാതികള്‍ ജൂണ്‍, ജൂലൈ മാസങ്ങള്‍ക്കുള്ളില്‍ തീര്‍പ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനായി 18 ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഭൂമി സംബന്ധമായ പരാതിയില്‍ സംശയം തോന്നുന്ന ഇടങ്ങളില്‍ നേരിട്ട് പരിശോധന നടത്തിയ ശേഷമാകും നടപടികള്‍ സ്വീകരിക്കുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അദാലത്തില്‍ ആര്‍.ഡി.ഒ. എം.കെ. ഷാജി,വില്ലേജ് ഓഫീസര്‍ മനുപ്രസാദ് എം.കെ, കൃഷി ഓഫീസര്‍ സോജി തോമസ്, ഹെഡ് ക്ലര്‍ക്ക് ബിജുമോന്‍ പി.ബി. എന്നിവര്‍ പങ്കെടുത്തു.