സംസ്ഥാനത്തെ പരമോന്നത സാഹിത്യപുരസ്‌കാരമായ 2017ലെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് പ്രശസ്ത കവിയും വിമര്‍ശകനും വിവര്‍ത്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ. സച്ചിദാനന്ദന്‍ അര്‍ഹനായി. സാംസ്‌കാരിക മന്ത്രി എ. കെ. ബാലന്‍ വാര്‍ത്താസമ്മേളനത്തിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഈ വര്‍ഷം മുതല്‍ അഞ്ച് ലക്ഷം രൂപയായി പുരസ്‌കാര തുക ഉയര്‍ത്തിയതായി മന്ത്രി പറഞ്ഞു.
കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖന്‍ അദ്ധ്യക്ഷനും പ്രൊഫ. എം. കെ. സാനു, ഡോ. എം. ലീലാവതി, സി. രാധാകൃഷ്ണന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.