ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ പ്രത്യേക യോഗം ചേര്‍ന്നു. പൂപ്പാറയില്‍ അയല്‍ സംസ്ഥാന പെണ്‍കുട്ടി പീഡനത്തിനിരയായ പശ്ചാത്തലത്തില്‍ സംഭവത്തില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു ഏതെങ്കിലും വിധത്തിലുള്ള തുടര്‍ നടപടികള്‍ ഇനിയും സ്വീകരിക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളിലുള്ള വിലയിരുത്തുന്നതിന് കൂടിയാണ് യോഗം ചേര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളും വളരെ കൃത്യതയോടെയുള്ള ഇടപെടല്‍ നടത്തിയിട്ടുള്ളതായി ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു. ശൈശവ വിവാഹങ്ങള്‍ തടയുന്നതിന് സ്വീകരിക്കാവുന്ന കാര്യങ്ങള്‍ കൂടി യോഗം ചര്‍ച്ച ചെയ്തതായും സ്വീകരിക്കേണ്ട നടപടികളില്‍ കമ്മീഷന്‍ അടിയന്തിരമായി തീരുമാനം കൈകൊള്ളുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ അറിയിച്ചു. വണ്ടിപ്പെരിയാര്‍ മാതൃകയില്‍ സ്പെഷ്യല്‍ ടാസ്‌ക്ക് ഫോഴ്സുകള്‍ മൂന്നാര്‍ മേഖലയില്‍ ഉള്‍പ്പെടെ രൂപീകരിക്കേണ്ടതായി ഉണ്ടെന്നും അത്തരം കാര്യങ്ങളില്‍ തീരുമാനം കൈകൊള്ളുന്നതിനായി ജൂലൈയില്‍ പ്രത്യേക മീറ്റിംഗ് വിളിക്കുമെന്നും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി. പൂപ്പാറ സംഭവവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നടപടികളും നിലവിലെ സാഹചര്യവും ഉദ്യോഗസ്ഥര്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സനെ അറിയിച്ചു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കുട്ടികളുടേതടക്കമുള്ള കണക്കുകളും വിവരങ്ങളും ശേഖരിക്കുന്നതിന് ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.