കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്കായുള്ള സഹായ ഉപകരണ വിതരണോദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി നിര്‍വഹിച്ചു. കടുത്തുരുത്തി മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍ അധ്യക്ഷത വഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി മുഖ്യാതിഥിയായി.
കേന്ദ്രസര്‍ക്കാരിന്റെ സാമൂഹികനീതി വകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റിയംഗം എന്ന നിലയില്‍ തോമസ് ചാഴികാടന്‍ എം.പി. നിര്‍ദ്ദേശിച്ച പ്രകാരം കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ ഭിന്നശേഷികാര്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ എ.ഡി.ഐ.പി. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ അലിംകോയാണ് ഉപകരണങ്ങള്‍ ലഭ്യമാക്കിയത്.കടുത്തുരുത്തി ബ്ലോക്കിലെ തിരഞ്ഞെടുത്ത 178 പേര്‍ക്കാണ് വീല്‍ചെയര്‍, സി.പി വീല്‍ ചെയര്‍, ട്രൈ സൈക്കിള്‍, ബ്രെയ്ലി കെയിന്‍, എല്‍ബോ ക്രച്ചസ്സ്, എം.എസ്.ഐ.ഇ.ഡി. കിറ്റ്, വാക്കര്‍ തുടങ്ങിയ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്. കേള്‍വി തകരാര്‍ ഉള്ളവര്‍ക്കായുള്ള ശ്രവണ സഹായി എത്രയും വേഗം ലഭ്യമാക്കുമെന്നും എം പി അറിയിച്ചു.