• കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനായി തമിഴ്നാട് പ്രവാസികാര്യ-ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.എസ്.മസ്താന്‍ തിരുവനന്തപുരം തയ്ക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് ഒരു മണിക്കൂറിലേറെ ഉദ്യോഗസ്ഥരുമായി അദ്ദേഹം ചര്‍ച്ച നടത്തി. പ്രവാസി തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഇന്‍ഷുറന്‍സ് പദ്ധതി, പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ പെന്‍ഷന്‍ പദ്ധതി, കോവിഡ് പശ്ചാത്തലത്തില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്ന പ്രവാസി ഭദ്രത അടക്കമുള്ള പുനരധിവാസ പദ്ധതികള്‍, സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍, ആഗോളതൊഴില്‍ വിപണിയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയവയെല്ലാം മാതൃകാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.വിദേശത്ത് പോകുന്നവരുടെ വിശദമായ വിവരങ്ങള്‍ ശേഖരിക്കുന്നത് ഏറെ ശ്രമകരമാണെന്നും പലപ്പൊഴും ബന്ധുക്കള്‍ക്ക് പോലും വ്യക്തമായ വിവരം ലഭ്യമാകാത്ത സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിസ തട്ടിപ്പുകള്‍ക്കെതികരായ ബോധവത്കരണവും വളരെ പ്രാധാന്യമര്‍ഹിക്കുന്നതായി കെ.എസ്.മസ്താന്‍ ചൂണ്ടിക്കാട്ടി. നോര്‍ക്ക റൂട്ട്സിന്റെ ഉപഹാരം കെ.ജി.മസ്താന് സുമന്‍ ബില്ല കൈമാറി.