അംബേദ്‌കർ ഗ്രാമ വികസന പദ്ധതിയിലേക്ക് വൈപ്പിൻ മണ്ഡലത്തിലെ രണ്ടു ബ്ലോക്ക് പഞ്ചായത്തുകളിലെ ഓരോ കോളനികൾ വീതം തെരഞ്ഞെടുത്തതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിലെ പള്ളിപ്പുറം ഐ.എച്ച്.ഡി.പി, ഇടപ്പള്ളി ബ്ലോക്കിലെ മുളവുകാട് വലിയപറമ്പ് എന്നീ കോളനികളാണ് ബൃഹത്തായ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് അംബേദ്‌കർ പദ്ധതിയിൽ ഓരോ കോളനിയിലും നടക്കുകയെന്നും എം.എൽ.എ വ്യക്തമാക്കി.

കോളനികളിലെ റോഡ്, നടപ്പാത, ഡ്രെയിനേജ്, ഇന്റർനെറ്റ് കണക്റ്റിവിറ്റി സൗകര്യങ്ങൾ, കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള സംവിധാനങ്ങൾ, കോളനിയിലെ പൊതുസ്ഥലങ്ങളിലെയും വീടുകളിലെയും വൈദ്യുതീകരണം, സോളാർ തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, പൊതു സ്ഥലങ്ങളിലെയും വീടുകളിലെയും ഖര ദ്രവ മാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾ, ഭവന പുനരുദ്ധാരണം, പൊതു ആസ്‌തികളുടെ മെയിന്റനൻസ്, പൊതുവായ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, സംരക്ഷണഭിത്തി നിർമ്മാണം, വനിതകൾക്ക് സ്വയം തൊഴിൽ പദ്ധതികൾ എന്നിവ അംബേദ്‌കർ പദ്ധതിയിൽ ഉൾപ്പെടുന്നതായി കെ.എൻ ഉണ്ണിക്കൃഷ്ണൻ വിശദീകരിച്ചു.

പത്തുമാസത്തിനകം പ്രവൃത്തികൾ പൂർത്തിയാക്കണം. കുറഞ്ഞത് അഞ്ചുവർഷമെങ്കിലും മുമ്പ് നിർമ്മിച്ച റോഡുകൾ മാത്രമാണ് പദ്ധതി പ്രകാരം പുനരുദ്ധാരണത്തിനായി ഏറ്റെടുക്കേണ്ടത്. സ്ഥലം വിട്ടുകിട്ടേണ്ട പ്രവൃത്തികൾ അനുബന്ധ രേഖകൾ ലഭ്യമായ ശേഷം മാത്രമാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. എഫ്.ഐ.ടിക്കാണ് പദ്ധതി നിർവ്വഹണ ചുമതല.

അടുത്ത വർഷം മാർച്ച് 31നുള്ളിൽ പദ്ധതി പൂർത്തിയാക്കാത്ത പക്ഷം നിർവ്വഹണ ഏജൻസിയുടെ റിസ്‌ക് ആൻഡ് കോസ്റ്റിൽ പ്രവൃത്തി പൂർത്തിയാക്കേണ്ടതും അല്ലെങ്കിൽ ഏജൻസിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നതുമാണ് പദ്ധതി മാർഗരേഖ. ഇരു കോളനികളിലും പദ്ധതി നടത്തിപ്പിന് മോണിറ്ററിംഗ് കമ്മിറ്റികൾ ഉടൻ നിലവിൽ വരുമെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു.