താൽക്കാലിക സംവിധാനങ്ങൾക്ക് പകരമായി സ്ഥിരം എക്സിബിഷൻ കൺവെൻഷൻ വേദി കാക്കനാട് യഥാർഥ്യമാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സ്ഥിരം എക്സിബിഷൻ കൺവെൻഷൻ സെന്റർ നിലവിൽ വരുന്നതോടെ, സർക്കാർ മുൻ കൈ എടുത്ത് രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന ബിസിനസ് ടു ബിസിനസ് മീറ്റായ വ്യാപാർ എല്ലാ വർഷവും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സംസ്ഥാന വാണിജ്യ – വ്യവസായ മേള ‘വ്യാപാര്‍ 2022’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്ഥിരം എക്സിബിഷൻ കൺവെൻഷൻ സെൻറർ കാക്കനാട് ഈ മാസം അവസാനം നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി 2023 ഒക്ടോബറിൽ പൂർത്തിയാക്കാനാകുമെന്നും മന്ത്രി പറഞ്ഞു. വിവിധ സെക്ടറുകളിലെ ബിസിനസ് ടു ബിസിനസ് മീറ്റുകളും സ്ഥിരം സംവിധാനം വരുന്നതോടെ സാധ്യമാകും.
കേരളത്തിൽ ആർക്കും 50 കോടി രൂപ വരെയുള്ള വ്യവസായം മൂന്നു വർഷം വരെ ലൈസൻസ് ഇല്ലാതെ ആരംഭിക്കാൻ സാധിക്കും. 50 കോടി രൂപയ്ക്ക് മുകളിലുള്ള വ്യവസായങ്ങൾക്ക് ഏഴ് ദിവസത്തിനകം ലൈസൻസ് നൽകാനുള്ള സംവിധാനവും നിലവിലുണ്ട്. ഏതെങ്കിലും രീതിയിൽ അപേക്ഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നാൽ ഓൺലൈനായി പരാതിപ്പെടാം. 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തീരുമാനം അറിയിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഉദ്യോഗസ്ഥർ 250 രൂപ മുതൽ പതിനായിരം രൂപ വരെ പിഴ നൽകേണ്ടിവരും

സംരംഭകവർഷമായിട്ടാണ് ഈ വർഷം ആചരിക്കുന്നത്. ഒരു ലക്ഷത്തിൽ കൂടുതൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. മികച്ച പ്രതികരണമാണ് സംരംഭകരുടെ ഭാഗത്തുനിന്ന് ലഭിക്കുന്നത്.
എം.ബി.എ, ബി.ടെക് ബിരുദദാരികളായ 1155 ഇന്റേൺസിനെ പഞ്ചായത്ത് തലത്തിൽ നിയമിച്ചിട്ടുണ്ട്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി 13137 എം.എസ്.എം. ഇ കൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. 982.73 കോടി രൂപയുടെ നിക്ഷേപവും 30,698 പേർക്ക് തൊഴിൽ സൃഷ്ടിക്കാനും സാധിച്ചു. സൗത്ത് ഏഷ്യയിലെ ഏറ്റവും മികച്ച സ്റ്റാർട്ട് അപ്പ് സിസ്റ്റമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകിയ ഇന്ത്യയിലെ നഗരമായി കൊച്ചിയെ തിരഞ്ഞെടുത്തു എന്നത് ഏറെ സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.

ടി.സി.എസ് കമ്പനി 32 എക്കറിലെ കാമ്പസ് കാക്കനാട് ആരംഭിക്കുകയാണെന്നും ഐ.ബി.എം കമ്പനിയുടെ ഓപ്പറേഷൻ സെന്റർ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. മികച്ച വ്യവസായ അന്തരീക്ഷം രൂപപ്പെട്ടു വരുന്നതിന്റെ സൂചനകളാണിതെല്ലാം. സുസ്ഥിരവും സുതാര്യവുമായ ഒരു വ്യാപാര അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഇത്തരം വ്യാപാരമേളയിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ‘വ്യാപാർ 2022′ ഡിജിറ്റൽ ഡയറക്ടറിയുടെ പ്രകാശനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു.

സംസ്ഥാന വാണിജ്യ – വ്യവസായ വകുപ്പും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് (എഫ് . ഐ. സി. സി. ഐ) മാണ് വ്യവസായ മേളയായ കേരള ബിസിനസ് ടു ബിസിനസ് മീറ്റ് — വ്യാപാര്‍ 2022’ സംഘടിപ്പിക്കുന്നത്. ഏഴാമത് മേളയാണ് ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്.

ജൂണ്‍ 18 വരെ നടക്കുന്ന പ്രദർശന വിപണന മേളയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

കേരള കലാമണ്ഡലം അവതരിപ്പിച്ച നൃത്തവിരുന്നോടു കൂടിയാണ് ഉദ്ഘാടനചടങ്ങുകൾക്ക് ആരംഭിച്ചത്.
ഫാഷന്‍ ഡിസൈനിഗ്, ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങള്‍, റബ്ബര്‍, കയര്‍ ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദ ഉത്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്‌സ്, കരകൗശലവസ്തുക്കള്‍, മുള തുടങ്ങിയ മേഖകളില്‍ പ്രത്യേക ശ്രദ്ധയൂന്നിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം സംസ്ഥാനത്തെ മറ്റ് പ്രധാന വ്യവസായ മേഖലകളായ ഭക്ഷ്യ സംസ്‌ക്കരണം, കൈത്തറി, വസ്ത്രങ്ങള്‍ എന്നിവയുടെ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും മേളയ്ക്കുണ്ട്. വേഗത്തിൽ മേളയുടെ ലോഗോ ഉൾപ്പെടെ ഫോട്ടോ പ്രിന്റ് നൽകുന്ന ‘സെൽഫി റോബോ’ മേളയിലെ മുഖ്യാകർഷണമാണ്. ചേന്ദമംഗലം കൈത്തറിയുടെ തറിയൂണിറ്റും ശ്രദ്ധേയമാണ്.

ഉദ്ഘാടന സമ്മേളനത്തില്‍ കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാർ അധ്യക്ഷത വഹിച്ചു. വാണിജ്യ – വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ്, എഫ്.ഐ.സി.സി.ഐ ( ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രീസ് ) ചെയര്‍മാന്‍ ദീപക് എ
ല്‍. അശ്വനി, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ.ബി.ഐ.പി ) സി.ഇ.ഒ എസ്. സൂരജ് തുടങ്ങിയവര്‍ പങ്കെടുത്തു.