വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനും ജീവൻ പോലും നഷ്ടമാകാവുന്ന രോഗാവസ്ഥകളിൽ നിന്ന് ജീവൻ തിരിച്ചു പിടിക്കുന്നതിനും ജീവിതത്തിന്റെ പ്രധാന ഘട്ടങ്ങളിൽ പൂർണ പിന്തുണ നൽകിയത് സർക്കാർ സംവിധാനങ്ങളാണെന്ന് റസൂൽ പൂക്കുട്ടി. അതുകൊണ്ട് തന്നെ നിക്ഷേപം നടത്തുമ്പോൾ സ്വന്തം പേരിൽ തുടങ്ങി ലാഭമുണ്ടാക്കുന്നതിനേക്കാൾ അത് പൊതുജനങ്ങൾക്ക് വളരെയധികം ഗുണം നൽകാൻ കഴിയുന്ന സർക്കാർ മേഖലയ്ക്ക് സമർപ്പിക്കാനാണ് താലപര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചലിലെ ആരോഗ്യ കേന്ദ്രങ്ങൾ മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ശ്രമങ്ങളെ പരാമർശിച്ചാണ് ഇക്കാര്യം പറഞ്ഞത്. മൂന്നാമത് ലോക കേരള സഭ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
പുതു സാധ്യതകളിലേക്ക് യുവാക്കളെ സജ്ജമാക്കുന്നതിനു വിദ്യാഭ്യാസം, അറിവ് എന്നിവയ്‌ക്കൊപ്പം വിദഗ്ധ കഴിവുകൾ ഉണ്ടാകേണ്ടതും പ്രധാനമെന്നു ആസാദ് മൂപ്പൻ പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികൾക്ക് പ്രത്യേക പ്രവാസി ഇൻഷുറൻസ് ഏർപ്പെടുത്തേണ്ടത് നിലവിലെ സാഹചര്യത്തിന്റെ ആവശ്യകതയാണ്. പങ്കാളിത്ത ഇൻഷുറൻസ് പദ്ധതി കൂടി ഇതിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ശബ്ദമില്ലാത്ത, മുഖ്യധാരയിൽ നിന്ന് ഏറെ വിട്ടുനിൽക്കുന്ന പ്രവാസികളുടെ പ്രതിനിധിയായ എലിസബത്തിന്റെ വാക്കുകൾ ലോക കേരള സഭയിൽ മുഴങ്ങിയത് ഇതിന്റെ ജനാധിപത്യ സ്വഭാവത്തെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എങ്ങനെ അതിജീവിക്കാമെന്ന് നന്നായി അറിയുന്നവരാണ് മലയാളികൾ. പ്രവാസികൾക്കുള്ള നിക്ഷേപം പദ്ധതികൾക്ക് കൂടുതൽ ഊർജ്ജം പകരണമെന്നും  സ്ഥിര വരുമാനം ഉറപ്പാക്കാൻ ഇതുവഴി സാധിക്കണമെന്നും ജെ. കെ മേനോൻ പറഞ്ഞു.മലയാളികൾ മറ്റ് രാജ്യങ്ങളിലെ പൗരത്വം സ്വീകരിക്കുമ്പോൾ കേരളത്തിന്‌ നഷ്ടമാകുന്നത് നല്ല മാനവ വിഭവ ശേഷിയെയാണ്. ഇത് നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കണം.
ഗാർഹിക തൊഴിലാളികൾ മുതൽ ലോകപ്രശസ്തരായ വ്യവസായികൾ പോലും ഒരുമിക്കുന്നത് ലോക കേരള സഭയുടെ പ്രത്യേകതയാണെന്ന് കുവൈത്തിൽ നഴ്‌സായി ജോലി ചെയ്യുന്ന ഗീത കുമാരി അഭിപ്രായപ്പെട്ടു.
ഏറെ കഴിവുകൾ ഉള്ളവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ മിക്ക രാജ്യങ്ങളിലും മലയാളികളായ പ്രവാസികളുടെ സാന്നിധ്യമുണ്ട്. ഏത് രാജ്യത്തിരുന്നാലും കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാനും നിക്ഷേപം നടത്താനും ആഗ്രഹിക്കുന്നവരാണ് മലയാളി പ്രവാസികളെന്നു ഗോകുലം ഗോപാലൻ പറഞ്ഞു.
മാറി വരുന്ന സർക്കാറുകൾ പ്രവാസികളെ അവഗണിച്ച സാഹചര്യത്തിന് വ്യത്യസ്തമായൊരു സാഹചര്യം വന്നത് ലോക കേരള സഭ നിലവിൽ വന്നതിന് ശേഷമാണെന്ന് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. യുദ്ധത്തിൽ നമ്മുടെ കുട്ടികളെ ഏറ്റവും സുരക്ഷിതമായി തിരിച്ചെത്തിക്കുവാൻ സഹായകമായത് ലോക കേരള സഭ അംഗങ്ങളുടെ സഹകരണം കൊണ്ട് കൂടിയാണ്.
രാഷ്ട്രീയത്തിനതീതമായ വേദിയാണ് ലോക കേരള സഭയെന്ന് ഒമാനിൽ നിന്നുള്ള രത്നകുമാർ പറഞ്ഞു. യുക്രൈൻ രക്ഷാ ദൗത്യത്തിൽ കൃത്യമായ ഏകോപനം നടത്താൻ ലോക കേരള സഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.