ഉന്നതർ മാത്രം വേദി പങ്കിടുന്നുവെന്ന തെറ്റിദ്ധാരണകൾ പാടേ പൊളിച്ചെഴുതിയാണ് ഒമാനിൽ വീട്ടുജോലി ചെയ്യുന്ന എലിസബത്തിന്റെ വാക്കുകൾ ലോക കേരള സഭയിൽ മുഴങ്ങിയത്. 30 വർഷത്തിലധികമായി വീട്ടുജോലി ചെയ്തുവരുന്ന എലിസബത്ത് ജോസഫ് നിർദേശങ്ങൾ പ്രസ്താവനകളായി പറയുന്നതിനേക്കാൾ പൊള്ളുന്ന അനുഭവങ്ങൾ മാത്രം പങ്കുവെക്കാനാണ്  വേദി ഉപയോഗപ്പെടുത്തിയത്. അത് മതിയായിരുന്നു ആ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ ജീവിത പ്രയാസങ്ങൾ അടയാളപ്പെടുത്താൻ. ശമ്പളമില്ലാതെ ജോലി ചെയ്തതും നിയമങ്ങളിലെ അജ്ഞത മൂലം ജയിലിൽ കിടക്കേണ്ടി വന്നതുമെല്ലാം അവർ പറഞ്ഞത് വിതുമ്പലടക്കിയായിരുന്നു.. ലോക കേരള സഭ പോലൊരു വേദിയിൽ അവസരം നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ചകൊണ്ടാണ് അവർ വാക്കുകൾക്ക് വിരാമമിട്ടത്.വേദിയിൽ നിന്നിറങ്ങിയ ഉടനെ മന്ത്രി വീണ ജോർജ്ജ് എലിസബത്തിനെ ചേർത്തു പിടിച്ചു.