അറുപത് വയസിന് മുകളിലുളളവരുടെ കരുതല്‍ ഡോസ് (മൂന്നാം ഡോസ്)കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിനുളള യജ്ഞം ജില്ലയില്‍ ആരംഭിച്ചെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിത കുമാരി അറിയിച്ചു. ജൂണ്‍ 16 മുതല്‍ 26 വരെയുളള തിങ്കള്‍, ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും കരുതല്‍ ഡോസ്വാക്‌സിന്‍ ലഭിക്കും. ജില്ലയില്‍ ഇതുവരെ 60 വയസിനു മുകളിലുളള 1.06 ലക്ഷം പേര്‍ (40 ശതമാനം) മാത്രമേ കരുതല്‍ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുളളൂ.

അറുപതു വയസ് പൂര്‍ത്തിയായ കോവിഡ് രണ്ടാം ഡോസ് വാക്‌സിനേഷന്‍ എടുത്ത് ഒന്‍പതു മാസം കഴിഞ്ഞവര്‍ക്ക് മൂന്നാം ഡോസ് കരുതല്‍ ഡോസ് ആയി എടുക്കാം. വാക്‌സിന്‍ എടുക്കാത്തവരില്‍ കോവിഡ് ഗുരുതരം ആകുന്നതിനും മരണം സംഭവിക്കാനും സാധ്യത കൂടുതലാണ്. മൂന്നാം ഡോസ് എടുക്കുന്നതിലൂടെ കോവിഡിനെതിരെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ഗുരുതരാവസ്ഥയിലേക്ക് പോകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനും കഴിയും. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ 60 വയസ് പൂര്‍ത്തിയായ മൂന്നാം ഡോസിന് അര്‍ഹരായ എല്ലാവരും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും കുടുംബാംഗങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.