സ്ത്രീപക്ഷ ചര്‍ച്ചകളുടെ ആവശ്യകത ഊന്നിപറഞ്ഞ് കൊടകരയിൽ സ്ത്രീ ശാക്തീകരണ പഞ്ചായത്ത്തല ശില്‍പ്പശാല. സ്ത്രീ സുരക്ഷാ നിയമങ്ങൾ അതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് നടന്ന ചർച്ച കാലിക പ്രസക്തി വിളിച്ചോതുന്നതായിരുന്നു. സംസ്ഥാന വനിതാ കമ്മീഷനും കൊടകര ഗ്രാമപഞ്ചായത്തും സംയുക്തമായി നടത്തിയ ശില്‍പ്പശാലയില്‍ 250 ഓളം പേര്‍ ഭാഗമായി.
സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.ഷിജി ശിവജി ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സ്ത്രീപക്ഷ നിയമങ്ങളില്‍ ചര്‍ച്ചകളുടെ കാലം കഴിഞ്ഞെന്നും ഇനി വേണ്ടത് നടപടികളാണെന്നും അഡ്വ.ഷിജി ശിവജി പറഞ്ഞു. നിയമങ്ങളുണ്ടായിട്ടും സ്ത്രീകള്‍ പൊതുരംഗത്തേയ്ക്ക് കടന്നുവരുന്നതില്‍ പിന്നോട്ട് പോകുന്നു. ലിംഗസമത്വവും സ്ത്രീപക്ഷ നിലപാടും കുടുംബങ്ങള്‍ക്കൊപ്പം തന്നെ വിദ്യാലയങ്ങളിലും ഉണ്ടാകേണ്ടതുണ്ട്. അങ്കണവാടി ടീച്ചര്‍ മുതല്‍ കോളേജ് അധ്യാപകര്‍ വരെയുള്ളവരില്‍ തുല്യതാ മനോഭാവം ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ക്കും അത് പകര്‍ന്ന് നല്‍കാനാകൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ നിയമങ്ങളും അവകാശങ്ങളും, പോസിറ്റീവ് പാരന്റിംഗ് എന്നീ വിഷയങ്ങളില്‍ അഡ്വ.കെ ആര്‍ സുമേഷും മാല രമണനും ക്ലാസെടുത്തു. കൊടകര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോയി നെല്ലിശ്ശേരി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ടെസി ഫ്രാന്‍സിസ്, കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ രാജേശ്വരി, വൈസ് പ്രസിഡന്റ് കെ ജി രജീഷ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദിവ്യ ഷാജു, വാര്‍ഡ് മെമ്പര്‍മാരായ പ്രനില ഗിരീശന്‍, ബിജി ഡേവിസ്, ഷീബ ജോഷി, പ്രജിത്, സജിനി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.