കാലാവസ്ഥാ വ്യതിയാനം വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍, അതിനെ അതിജീവിച്ച് കൃഷിയെ ലാഭകരമാക്കാന്‍ സാധിക്കുന്ന ഏറ്റവും നൂതനമായ സംവിധാനമാണ് മൈക്രോ ഇറിഗേഷന്‍ പദ്ധതിയെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പാറക്കടവ് നെല്ലിപ്പാറ ഭാഗത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ കെ.എം. മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കാലാവസ്ഥാ വ്യതിയാനം മൂലം കാര്‍ഷിക മേഖലയില്‍ ഉണ്ടാകുന്ന വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഉതകുന്ന വിധത്തിലുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയാണ് കൃഷിയുമായി ബന്ധപ്പെട്ട് ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. പലവിധത്തിലുള്ള വെല്ലുവിളികള്‍ നേരിടുന്ന സന്ദര്‍ഭത്തില്‍ കൃഷിയിടങ്ങളില്‍ വിളവ് വര്‍ധിപ്പിക്കണം.
വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായുള്ള സാങ്കേതികവിദ്യ ഉപയോഗിക്കണം. കഴിഞ്ഞ ഒരു മുപ്പത് വര്‍ഷം മുമ്പ് അല്ലെങ്കില്‍ ഒന്നോ രണ്ടോ തലമുറകള്‍ക്കപ്പുറം, എട്ടോ പത്തോ ഏക്കര്‍ സ്ഥലമുണ്ടായിരുന്ന ഒരു കുടുംബത്തിന് തലമുറകള്‍ മാറിയപ്പോള്‍, ഒരു ഏക്കര്‍, അര ഏക്കര്‍, 20 സെന്റിലേക്ക് ഒക്കെ സ്ഥലം കുറഞ്ഞു പോയി. ഭൂവിസ്തൃതി ഇനി മെച്ചപ്പെടുത്തി, ആദായം കൂടുതലാക്കുക എന്ന സ്ഥിതി സ്വാഭാവികമായും സാധ്യമല്ലാത്ത ഒരു സാമ്പത്തിക പരിസ്ഥിതിയും നമുക്കുണ്ട്.
ശാസ്ത്രീയമായ രീതിയില്‍ വരുമാനമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്നത്. ഓരോ കര്‍ഷകരും കൃത്യമായി ഭൂമിയെക്കുറിച്ചും, കൃഷിയെക്കുറിച്ചും അറിയണം. വെള്ളം കുറെ കോരി ഒഴിച്ചിട്ട് കാര്യമില്ല. കൂടുതല്‍ അമിത ജലം ചെയ്യുന്നത് കൃഷിക്ക് നാശമാണെന്നാണ് ശാസ്ത്രീയമായ പഠനം. കൂടുതല്‍ സ്ഥലങ്ങളില്‍ ഡാമുകള്‍ നിര്‍മ്മിച്ച് ജലസേചന സൗകര്യങ്ങളെല്ലാം വര്‍ദ്ധിപ്പിച്ചു. രണ്ടുദിവസം മുമ്പാണ് കാന്തല്ലൂര്‍, പട്ടിശ്ശേരി ഡാം ഉദ്ഘാടനം നിര്‍വഹിച്ചത്. അങ്ങനെ നിരവധി കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇടുക്കിയില്‍ ഫുഡ് പാര്‍ക്ക് ഏഴാം തീയതി ആരംഭിക്കും. കുടിയേറ്റ സ്മാരകത്തിന്റെ രണ്ടാം ഘട്ടവും, ആളുകള്‍ക്ക് വന്ന് താമസിക്കാനുള്ള സൗകര്യങ്ങളോടു കൂടിയുള്ള യാത്രിനിവാസിന്റെ രണ്ടാംഘട്ടവും അന്നേ ദിവസം തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മണ്ണും ജലവും സംരക്ഷിച്ചുകൊണ്ട് കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ പദ്ധതി കാമാക്ഷിയിലെ കര്‍ഷകര്‍ക്ക് വലിയൊരു ആശ്വാസമാകുമാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി 3 കോടി രൂപ കൂടി മന്ത്രി യോഗത്തില്‍ പ്രഖ്യാപിച്ചു.
യോഗത്തില്‍ കര്‍ഷകസമിതി പ്രസിഡന്റ് സിബി പ്ലാത്തോട്ടം അധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി. ജനറല്‍ മാനേജര്‍ ഡോ. സുധീര്‍ പടിക്കല്‍ പദ്ധതി വിശദീകരണം നടത്തി. കെ.ഐ.ഐ.ഡി.സി.ചീഫ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള, മുന്‍ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനു വിനേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
